അക്രമിക്കപ്പെട്ട നടിക്ക് പിന്തുണ നൽകി മഞ്ജു വാര്യർ

കൊച്ചിയിൽ അക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അർപ്പിച്ച് നടി മഞ്ജു വാര്യർ രം​ഗത്തെത്തി. ടൊവീനോ, പൃഥ്വിരാജ്, നിമിഷ സജയൻ, കുഞ്ചാക്കോ ബോബൻ, റിമ കല്ലിങ്കൽ, പാർവ്വതി എന്നിവരൊക്കെ നടിയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇതേ പോസ്റ്റ് ആണ് മഞ്ജു വാര്യരും പങ്കുവച്ചിരിക്കുന്നത്.

തനിക്ക് സംഭവിച്ച അതിക്രമിത്തിന് ശേഷം തന്റെ പേരും വ്യക്തിത്വവും അടിച്ചമർത്തപ്പെട്ടിരിക്കുകയാണെന്നും അതിജീവിത വ്യക്തമാക്കിയിരുന്നു. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും നടി വെളിപ്പെടുത്തി. അഞ്ച് വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് താൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാൻ തന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു’, എന്നും അതിജീവിത വ്യക്തമാക്കി.

നീതി പുലരാനും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും താൻ ഈ യാത്ര തുടർന്ന് കൊണ്ടേയിരിക്കുമെന്നും അതിജീവിത പറഞ്ഞു. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്‌നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദിയെന്നും അതിജീവിത കൂട്ടിച്ചേർത്തു.