മനോഹരന്റെ കസ്റ്റഡി മരണം ; എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി വേണമെന്ന് ആവശ്യം, പ്രതിഷേധം കനക്കുന്നു

കൊച്ചി : പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ തൃപ്പൂണിത്തുറ ഹിൽപ്പാലസ് പോലീസ് സ്‌റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാരും രാഷ്ട്രീയക്കാരും രംഗത്ത്. പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്. പോലീസ് സ്റ്റേഷനും റോഡും ഉപരോധിച്ചാണ്‌ നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. വാഹന പരിശോധന നടത്തിയ യൂണിറ്റിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരേയും നടപടി വേണമെന്നാണ് ഇവർ പ്രധാനമായും ആവശ്യപ്പെടുന്നത്.

വാഹന പരിശോധനക്ക് നേതൃത്വം നല്‍കിയ യൂണിറ്റിലെ എല്ലാവര്‍ക്കുമെതിരേയും നടപടി സ്വീകരിക്കണമെന്നാണ് കഴിഞ്ഞദിവസവും ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് പുലര്‍ച്ചെ രണ്ടുമണിയോടെ പ്രതിഷേധം അവസാനിപ്പിച്ചത്. . എന്നാല്‍ എസ്.ഐക്ക് എതിരേ മാത്രമാണ് നടപടി ഉണ്ടായത്.

സംഭവത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആദ്യം പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചത്. പിന്നാലെ നാട്ടുകാരും സംഘടിച്ചെത്തി. ഇതിനുപുറമേ ബി.ജെ.പി. പ്രവര്‍ത്തകരും പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.