മാറനല്ലൂർ ആസിഡ് ആക്രമണവും നേതാവിന്റെ ആത്മഹത്യയും, വിശദീകരണം തേടി സംസ്ഥാന നേതൃത്വം

തിരുവനന്തപുരം : മാറനല്ലൂരിൽ നടന്ന നാടകീയ സംഭവങ്ങളിൽ ജില്ലാ നേതൃത്വത്തോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി. വിഷയം അന്വേഷിക്കാൻ കമ്മീഷനെ നിയമിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചാലുടൻ ജില്ലാ എക്‌സിക്യൂട്ടീവ് ചർച്ച ചെയ്ത് നടപടിയെടുക്കുമെന്നുമാണ് സിപിഐ ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. അതേസമയം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഭാസുരാംഗനെതിരെ ആത്മഹത്യ ചെയ്ത സജി കുമാർ ഉന്നയിച്ച ആരോപണങ്ങളടക്കം പരിശോധിക്കും.

പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിലെ ഏറെ നാളായുള്ള പ്രശ്‌നമാണ് ഒടുവിൽ ആസിഡ് ആക്രമണത്തിൽ കലാശിച്ചത്. ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായ ഭാസുരാംഗനെയാണ് ആസിഡ് ആക്രമണത്തിന് ഇരയായ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുധീർ ഖാനും ആക്രമണം നടത്തിയ കാട്ടാക്കട മണ്ഡലം സെക്രട്ടേറിയറ്റ് അംഗം സജികുമാറുമായുള്ള പ്രശ്‌നം പരിഹരിക്കാൻ ജില്ലാ നേതൃത്വം ചുമതലപ്പെടുത്തിയിരുന്നത. എന്നാൽ ഇത് പരാജയപ്പെടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച് നടപടിയെടുക്കാനാണ് സിപിഐ സംസ്ഥാന നേതൃത്വം ജില്ലാ സെക്രട്ടറിയ്‌ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കാട്ടാക്കട മണ്ഡലം സെക്രട്ടറിയെയും അസിസ്റ്റന്റ് സെക്രട്ടറിയെയും അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. ജില്ലാ എക്‌സിക്യൂട്ടീവ് വിളിച്ച് ചേർത്ത് പ്രശനങ്ങൾ വിശദമായി ചർച്ച ചെയ്യും.