മസാല ബോണ്ട് കേസ്, തോമസ് ഐസക്കിനെ ചോദ്യംചെയ്യണം, വീണ്ടും ഹൈക്കോടതിയെ സമീപിച്ച് ഇ.ഡി

കൊച്ചി : കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കണമെന്ന ആവശ്യവുമായി ഇ.ഡി. വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ കേസ് പരിഗണിക്കുന്നത് ഈ മാസം ഏഴിലേക്ക് മാറ്റാന്‍ ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ഈശ്വരൻ എസ്. എന്നിവരുടെ ബെ‍ഞ്ച് നിർദേശിച്ചു.

തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു തൊട്ടുപിന്നാലെയായിരുന്നു ഇ.ഡിയുടെ നീക്കം. നേരത്തെ, ഐസക്കിനെ തിര‍ഞ്ഞെടുപ്പ് കഴിയുന്നതു വരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കരുതെന്ന് സിംഗിൾ ബെഞ്ച് ജ‍ഡ്ജി ടി.ആർ.രവി ഉത്തരവിട്ടിരുന്നു. അദ്ദേഹം സ്ഥാനാർഥിയാണെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തുന്നതിനായി ഇ.ഡി സമർപ്പിച്ച രേഖകൾ കോടതി പരിശോധിച്ചിരുന്നു.

മസാല ബോണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ടാണ് ഇ.ഡി കേസ്. ഇക്കാര്യത്തിൽ ചില വ്യക്തതകൾ വരുത്തേണ്ടതുണ്ടെന്ന് രേഖകൾ പരിശോധിച്ച ശേഷം കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.
സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഇ.ഡി ഡിവിഷൻ െബഞ്ചിനെ സമീപിച്ചെങ്കിലും ഏതാനും ദിവസം കൂടി കഴിഞ്ഞാൽ കേരളത്തിൽ തിരഞ്ഞെടുപ്പ് അവസാനിക്കും, എന്തുകൊണ്ടാണ് ഇ.ഡിക്ക് അതുവരെ കാത്തിരിക്കാൻ സാധിക്കാത്തതെന്ന് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, എം.എ.അബ്ദുള്‍ ഹക്കീം എന്നിവരുടെ ബ‍ഞ്ച് ചോദിച്ചിരുന്നു.