മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി വാതുറക്കണ്ട, ചോദ്യങ്ങൾ അവഗണിക്കാൻ സിപിഎം

തിരുവനന്തപുരം : മുഖ്യമന്ത്രിക്കും മകൾക്കും കോൺഗ്രസ് നേതാക്കൾക്കും എതിരായ മാസപ്പടി വിവാദത്തിൽ വിമർശനം ശക്തം. മുഖ്യമന്ത്രിയുടെ മകൾ ടി.വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) കമ്പനിയിൽനിന്ന് മൂന്നു വർഷത്തിനിടെ 1.72 കോടി രൂപ മാസപ്പടി ലഭിച്ചെന്ന വിവാദത്തിൽ തൽക്കാലം മറുപടി പറയാനില്ലെന്ന നിലപാടിലാണ് സിപിഎം.

വീണ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി
വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കേണ്ട എന്നു പാർട്ടിയിൽ ധാരണയായി. വിഷയം ചർച്ചയാകുന്ന തരത്തിലുള്ള പ്രതികരണങ്ങളിൽനിന്ന് മാറിനിൽക്കാൻ നേതാക്കൾക്കും മന്ത്രിമാർക്കും പാർട്ടി നിർദേശം നൽകിയിട്ടുണ്ട്.

വൻവിവാദമായ വിഷയത്തിൽ സിപിഎം സെക്രട്ടേറിയറ്റിന്റെ പ്രസ്താവന മാത്രമാണ് പ്രതികരണമായി വന്നത്. വിവിധ രാഷ്ട്രീയ കക്ഷികളിലെ നേതാക്കളുടെ പേര് പുറത്തുവന്നതിനാൽ കോൺഗ്രസ് കരുതലോടെയാണ് പ്രതികരിച്ചത്. നിയമസഭയിൽ വിഷയം ഉന്നയിക്കപ്പെട്ടില്ല. വിഷയം ചർച്ചയാക്കാനുള്ള മാത്യു കുഴൽനാടന്റെ ശ്രമത്തിന് സ്പീക്കർ തടയിടുകയും ചെയ്തിരുന്നു. സിപിഎം സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്, നിയമപരമായി പ്രവർത്തിക്കുന്ന രണ്ടു കമ്പനികൾ തമ്മിൽ നിയമപരമായി ഏർപ്പെട്ട കരാർ അനുസരിച്ചാണ് പണം ലഭിച്ചെന്നാണ്

രാഷ്ട്രീയ നേതാക്കളുടെ മക്കൾക്ക് നിയമാനുസൃതമായ തൊഴിൽ ചെയ്യാൻ മറ്റു പൗരൻമാർക്കുള്ളതുപോലെ അവകാശമില്ലേ എന്ന ചോദ്യവും സിപിഎം ഉയർത്തിയിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സഭ പിരിഞ്ഞതിനാൽ മാസപ്പടി സഭയിൽ പിന്നീട് ഉന്നയിക്കാനായില്ല. ഉപതിരഞ്ഞെടുപ്പിനുശേഷം വിഷയം സഭയിൽ ഉന്നയിക്കുമെന്ന് കോൺഗ്രസ് നേതൃത്വം പറയുന്നുണ്ടെങ്കിലും കണ്ട് തന്നെ അറിയണം