കുരങ്ങുപനിക്കെതിരെ ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന

കുരങ്ങുപനിക്കെതിര ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടന. യുഎഇയിലും ചെക് റിപ്പബ്ലിക്കിലും കുരങ്ങുപനി സ്ഥിരീകരിച്ചതോടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആഫ്രിക്കയിൽ നിന്നും എത്തിയ വനിതയ്ക്കാണ് യുഎഇയിൽ രോഗം സ്ഥിരീകരിച്ചത്. എന്നാൽ ചെക് റിപ്പബ്ലിക്കിൽ രോഗം ബാധിച്ചത് ബെൽജിയത്തിൽ നിന്ന് എത്തിയ വനിതയ്ക്കാണ്.

പരിശോധിച്ച മൂന്നിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചുവെന്ന് ചെക് റിപ്പബ്ലിക് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് അറിയിച്ചു. യുഎഇയിൽ രോഗം സ്ഥിരീകരിച്ച യുവതിയുടെ സമ്പർക്ക പട്ടിക പരിശോധിച്ചുവരികയാണെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചെന്നും അധികൃതർ വ്യക്തമാക്കി.

19 രാജ്യങ്ങളിലായി 237 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. യൂറോപ്പിലാണ് കൂടുതൽ പേർക്കും രോഗം ബാധിച്ചത്. കോവിഡ് വ്യാപനം പോലെ കുരങ്ങുപനി പടർന്നു പിടിക്കാൻ സാധ്യതയിലെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം. അതേസമയം, അസാധാരണ സാഹചര്യമാണെന്നും വ്യാപനത്തെക്കുറിച്ച് പഠിക്കുകയാണെന്നും കൂടുതൽ ജാഗ്രത വേണമെന്നും മുന്നറിയിപ്പ് നൽകി.കുരങ്ങിൽ നിന്നു പടരുന്ന വൈറൽ പനി മനുഷ്യരിൽ വ്യാപകമായി പടരില്ലെങ്കിലും ലൈംഗികബന്ധം പോലെ അടുത്ത സമ്പർക്കം വഴി പകരാനിടയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.