കൂടുതൽ കോൺഗ്രസ് നേതാക്കൾ എൻസിപിയിലെത്തു൦; മന്ത്രി ശശീന്ദ്രൻ

കോൺഗ്രസിലെ പ്രമുഖ നേതാക്കൾ ഉടൻ എൻസിപിയിൽ എത്തുമെന്ന് മന്ത്രിയും എൻസിപിയുടെ മുതിർന്ന നേതാവുമായ എകെ ശശീന്ദ്രൻ. കഴിഞ്ഞദിവസ൦ കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് പി എം സുരേഷ് ബാബു എൻസിപിയിലേക്ക് ചേരുമെന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം. കേരളത്തിലും ദേശീയ തലത്തിലും കോൺഗ്രസിന് ഇനി നിലനിൽപ്പില്ല. ഇതു മനസ്സിലാക്കിയ നേതാക്കളാണ് പാർട്ടി വിടാൻ തയ്യാറായി നിൽക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലും ദേശീയതലത്തിലും കോൺഗ്രസിന് നേതൃത്വം ഇല്ലാത്ത അവസ്ഥയാണ്. എലത്തൂർ മണ്ഡലത്തിലെ സ്ഥാനാർഥി പ്രശ്നവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ 12 ദിവസമാണ് കോൺഗ്രസിന് വേണ്ടി വന്നത്. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കം പരാജയമാണ്. ബിജെപിയെ നേരിടുന്നതിലും നിലവിലെ കോൺഗ്രസ് നേതൃത്വം പരാജയമാണ്. യുഡിഎഫ് അധികാരത്തിൽ എത്തിയില്ലെങ്കിൽ ദേശീയതലത്തിലുള്ള നേതാക്കളടക്കം തങ്ങളുടെ പാർട്ടിയിലെത്തുമെന്നും എത്തും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.