മോസ്‌കോ ഭീകരാക്രമണം, യുക്രൈനുമായി ബന്ധം, 150 മരണം, 11 പേര്‍ പിടിയില്‍

മോസ്കോ : റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 150 ആയി. റഷ്യയില്‍ ഇന്ന് ദുഖാചരണമാണ്. ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത നാല് പേര്‍ ഉള്‍പ്പെടെ 11 പേര്‍ പിടിയില്‍. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്നാണ് 11 പേരെ പിടികൂടിയതെന്ന് റഷ്യ അറിയിച്ചു.
ഇന്ന് ദുഖാചരണമാണെന്ന വിവരം റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം മോസ്‌കോയില്‍ നടന്നത് കിരാതമായ ഭീകരാക്രമണമായിരുന്നെന്ന് പുടിന്‍ അപലപിച്ചു.

കൊല്ലപ്പെട്ടവര്‍ എല്ലാവരും നിഷ്‌കളങ്കരായ, സമാധാനകാംഷികളായ സാധു മനുഷ്യരായിരുന്നെന്നും പുടിന്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. പ്രതികൾക്ക് കഠിനമായ ശിക്ഷ നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പ്രതികള്‍ യുക്രൈനിലേക്ക് കടക്കാന്‍ ശ്രമിച്ചെന്നും ഇവര്‍ യുക്രൈന്‍ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും പുടിന്‍ പറഞ്ഞു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. സംഗീത പരിപാടി നടക്കുന്ന ഹാളിലേക്ക് പ്രവേശിച്ച ആയുധ ധാരികളായ സംഘം വെടിയുതിര്‍ക്കുകയായിരുന്നു.ഗ്രനേഡുകളും ബോംബുകളും ഉപയോഗിച്ച് സ്‌ഫോടനവും നടത്തിയിരുന്നു. രക്ഷപ്പെട്ട ഓടാനുള്ള ശ്രമത്തിനിടെ നിരവധി പേര് തിക്കിലും തിരക്കിലുംപെട്ട് മരിക്കാൻ ഇടയായി.