കുഞ്ഞിനുള്ള കളിപ്പാട്ടങ്ങളും പുത്തനുടുപ്പും വാങ്ങി മൃദുല

മലയാളികൾ ഏറ്റെടുത്ത രണ്ട് താരങ്ങളാണ് യുവയും മൃദുലയും. യുവയുടെയും മൃദുലയുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകാറുണ്ട്. മൃദ്‌വ വ്ലോഗ്സ് എന്നാണ് ഇരുവരുടെയും യൂട്യൂബ് ചാനലിന്റെ പേര്. യൂട്യൂബ് ചാനലിലൂടെ നിരവധി ആരാധകരാണ് ഇരുവരുടെയും വിശേഷങ്ങൾ അറിയുന്നത്.

ഇപ്പോളിതാ കുഞ്ഞിനുള്ള സാധനങ്ങൾ വാങ്ങിയിരിക്കുകയാണ് മൃദുലയും യുവയും. കുഞ്ഞെന്നെത്തുമെന്നാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. പാർവ്വതിയുടെ മകൾ യാമിയോടൊപ്പമുള്ള ചിത്രവും മൃദുല പങ്കിട്ടിരുന്നു. മൃദുലയുടെ നിറവയറിൽ കയറിയിരുന്ന് ഉമ്മവെയ്ക്കുന്നതായിരുന്നു ചിത്രം. ഇപ്പോൾ വലിയ സ്‌നേഹമാണ് കാണിക്കുന്നതെന്നും മറ്റേ വാവയും കൂടി പുറത്ത് വന്ന് കഴിയുമ്പോൾ എന്താകുമെന്ന് കണ്ടറിയണം എന്നാണ് മൃദുല കുറിച്ചത്. മൃദുല സാധനങ്ങൾ വാങ്ങുന്ന വീഡിയോ പങ്കുവെച്ചതോടെ കുട്ടി മൃദുലയ്ക്കും കുട്ടി യുവയ്ക്കും വേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന് പറയുകയാണ് ആരാധകർ.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂ എന്ന സീരിയലിലാണ് മൃദുല അവസാനം അഭിനയിച്ചത്. സീരിയൽ തുടങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ ഗർഭിണിയായതോടെ നടി പിന്മാറുകയായിരുന്നു. ഇനി കുഞ്ഞ് ജനിച്ചതിന് ശേഷമാവും തിരിച്ചെത്തുക.