നവീനും ആര്യയും അന്ധവിശ്വാസത്തിലേക്ക് ആളെകൂട്ടാൻ ശ്രമിച്ചു, മരണാനന്തര ജീവിതത്തെക്കുറിച്ചു പറയുന്ന വെബ്സൈറ്റുകളിൽ സജീവം, നിർണായക വിവരം പുറത്ത്

തിരുവനന്തപുരം∙ അരുണാചൽ പ്രദേശിൽ ഹോട്ടൽ മുറിയിൽ ജീവനൊടുക്കിയ കോട്ടയം സ്വദേശി നവീൻ തോമസും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും അന്ധവിശ്വാസത്തിന്റെ പ്രചാരകരായിരുന്നു.കേസിൽ നിർണായകമായ തെളിവുകൾ കിട്ടിയെന്ന് പൊലീസ്. ഒരു വൈദികൻ ഉൾപ്പെടെ നിരവധിപേരെ തങ്ങളുടെ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ മൂവർസംഘം ശ്രമിച്ചിരുന്നെന്ന് പൊലീസ് കണ്ടെത്തി.ലാപ്ടോപ്പും മൊബൈലുകളും പരിശോധിച്ചപ്പോൾ ലഭിച്ച വിവരങ്ങളുമായി ഒത്തുപോവുന്നതാണ് ഇപ്പോൾ പൊലീസിന് കിട്ടിയ തെളിവുകൾ.

”വൈകാതെ പ്രളയം വരും, ഈ ഭൂമി നശിക്കും. അതിന് മുമ്പ് ഹിമാലയത്തിലേക്ക് അഭയം തേടണം, അല്ലെങ്കിൽ സ്വയം ജീവനൊടുക്കി മറ്റൊരു ഗ്രഹത്തിൽ അഭയം തേടണമെന്നായിരുന്നു നവീനും ഭാര്യ ദേവിയും സുഹൃത്തായ ആര്യയും വിശ്വസിച്ചിരുന്നത്. അന്യഗ്രഹ ജീവിതത്തെ കുറിച്ചും മരണാനന്തര ജീവിതത്തെ കുറിച്ചും ആര്യ നിരന്തരമായി ഇന്റർനെറ്റിൽ അന്വേഷിച്ചിട്ടുണ്ട്. ഇതിൽ നിന്നും കണ്ടെത്തിയ ആശയങ്ങൾ ക്രോഡീകരിച്ചാണ് പലർക്കും ഈ മെയിൽ ഐഡിയിൽ നിന്നും സന്ദേശം അയച്ചത്. വ്യാജ പേരുകളിൽ നവീനും ദേവിയും മെയിലുകൾ പലർക്കും അയച്ചിട്ടുണ്ട്.” നവീനിന്റെ സുഹൃത്തുക്കളുടെയും വൈദികന്റെയും അഭിഭാഷകന്റെയും മൊഴി പൊലിസ് രേഖപ്പെടുത്തി.

ഇനിയും കുറച്ചു പേരുടെ മൊഴിയെടുക്കണമെന്നും ഇന്ന് അന്വേഷണത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നുമാണ് പൊലീസ് പറയുന്നത്.

നവീൻ തോമസ് 2010 മുതൽ മരണാനന്തര ജീവിതത്തെക്കുറിച്ചും അന്യഗ്രഹ ജീവിതത്തെക്കുറിച്ചും പറയുന്ന വെബ്സൈറ്റുകളിൽ സജീവമായി ഇടപെട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു. 2016 ഏപ്രിലിൽ അന്യഗ്രഹജീവിതത്തെക്കുറിച്ച് പറയുന്ന ‘മിതി’ എന്ന വെബ്സൈറ്റിൽ പണം സംഭാവന ചെയ്തിരുന്നുവെന്നും തെളിവുകൾ പുറത്തു വന്നിരുന്നു.

അരുണാചലിലെ ഹോട്ടൽ മുറിയിലാണ് നവീൻ, ദേവി, ആര്യ എന്നിവരെ ഞരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവിയുടെയും ആര്യയുടെയും ഞരമ്പുകൾ മുറിച്ചത് ബലപ്രയോഗത്തിലൂടെയല്ലെന്നാണ് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയത്. രണ്ടുപേരും ജീവനൊടുക്കാൻ തയ്യാറായിരുന്നുവെന്നാണ് ഇതിൽ നിന്നും മനസിലാക്കുന്നതെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേരുടെയുടെ ഞരമ്പ് മുറിച്ച ശേഷമാണ് നവീൻ ജീവനൊടുക്കിയതെന്നും അന്വേഷണസംഘം അറിയിച്ചു.