അരിക്കൊമ്പന്‍ കുമളിക്ക് സമീപം, നിരീക്ഷണം ശക്തിപ്പെടുത്തി വനം വകുപ്പ്

കുമളി. അരിക്കൊമ്പന്‍ കുമളിക്ക് സമീപം എത്തിയതായി വിവരം. കുമളിയില്‍ നിന്നും ആകാശദൂരം ആറ് കിലോമീറ്റര്‍ വരെ അടുത്തെത്തിയതായി അരിക്കൊമ്പന്‍ എത്തി. ആനയുടെ ജിപിഎസ് കോളറില്‍ ഘടിപ്പിച്ചിരിക്കുന്ന സിഗ്നല്‍ പ്രകാരമാണ് വനം വകുപ്പ് കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ആദ്യം കുമളിക്ക് അടുത്തെത്തിയ അരിക്കൊമ്പന്‍ പിന്നീട് തിരിച്ചു പോകുകയായിരുന്നു.

ചിന്നക്കനാലില്‍ നിന്നും പിടികൂടി ഇറക്കിവിട്ട മേദകാനം പ്രദേശത്തേക്കാണ് അരിക്കൊമ്പന്‍ മടങ്ങിപ്പോയത്. അരിക്കൊമ്പന്റെ നീക്കങ്ങള്‍ വനം വകുപ്പ് നിരീക്ഷിച്ച് വരുകയാണ്. വിഎച്ച്എഫ് ആന്റിന ഉപയോഗിച്ചുള്ള നിരീക്ഷണം തുടരും. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട സ്ഥലത്ത് അരിക്കൊമ്പന്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ആറ് ദിവസം മുമ്പാണ് അരിക്കൊമ്പന്‍ തമിഴ്‌നാട് മേഖലയില്‍ നിന്നും കേരളത്തിലേക്ക് പ്രവേശിച്ചത്.

വനപാലകര്‍ക്കായി നിര്‍മിച്ച ഷെഡ് ഞായറാഴ്ച ആന തകര്‍ത്തിരുന്നു. ജീവനക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയില്‍ തമിഴ്‌നാട് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചിട്ടില്ല. ആന കേരത്തില്‍ എത്തിയെങ്കിലും തിരിച്ചുവരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നിയന്ത്രണം തുടരുന്നത്. അതിനാല്‍ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന സംഘത്തോട് അവിടെ തുടരുവനാണ് നിര്‍ദേശം.