വയനാട്ടിലെ ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, ഡിഐജിയുടെ വാര്‍ത്താ സമ്മേളനം പതിനൊന്ന് മണിക്ക്

വയനാട് നെല്ലിയമ്പത്ത് നടന്ന ഇരട്ടക്കൊലപാതകക്കേസില്‍ മുഖ്യപ്രതി പിടിയിലായതായി സൂചന. പതിനൊന്നു മണിക്ക് ചേരുന്ന ഡിഐജിയുടെ വാര്‍ത്താസമ്മേളനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. കഴിഞ്ഞ ജൂണ്‍ പത്തിനാണ് നെല്ലിയമ്പത്ത് കേശവന്‍ മാസ്റ്ററും (75) ഭാര്യ പത്മാവതിയമ്മയും മുഖംമൂടി സംഘത്തിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. പനമരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താഴെ നെല്ലയമ്പം കാവടത്താണ് സംഭവം.

രാത്രി 8.30ഓടെയായിരുന്നു അജ്ഞാത സംഘത്തിന്റെ ആക്രമണത്തിന് ദമ്പതികള്‍ ഇരയായത്. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സംഭവ സ്ഥലത്തുവെച്ച് തന്നെ കേശവന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ടു. പനമരം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

നെല്ലിയമ്പവും പനമരവും കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ വിശദമായ അന്വേഷണം. ആയിരത്തോളം പേരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതായാണ് വിവരം. ഫോണ്‍ രേഖകളും സിസിടിവി ദൃശ്യങ്ങളുമടക്കം പരിശോധിച്ചായിരുന്നു അന്വേഷണം. ഇതിനിടെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതും ഒരുഘട്ടത്തില്‍ അന്വേഷണത്തെ ബാധിച്ചു.