നീതുവിനെയും മകനെയും മർദ്ദിച്ചു, നീതുവിന്റെ കയ്യിൽ നിന്നും പണം തട്ടിയെടുത്തു ; കാമുകൻ ഇബ്രാഹിം ബാദുഷ അറസ്റ്റിൽ

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കുട്ടിയെ തട്ടിയെടുത്ത കേസിൽ പിടിയിലായ നീതുവിന്റെ കാമുകൻ ഇബ്രാഹിം ബാദുഷയും അറസ്റ്റിൽ. നീതുവിനെയും കുട്ടിയെ മർദ്ദിച്ചതിനും പണം തട്ടിയതിനു൦ വഞ്ചനാ കുറ്റവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് പൊലീസ് കേസെടുത്തത്. പണം നൽകാതായതോടെ നീതുവിനെയും നീതുവിന്റെ പ്രായപൂർത്തിയാകാത്ത മകനെയും ഇയാൾ മർദ്ദിച്ചിരുന്നതായി വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഇബ്രാഹിം ബാദുഷയെ നാളെ കോടതിയിൽ ഹാജരാക്കും. അതേ സമയം കുട്ടിയെ തട്ടിയെടുത്ത കേസിൽ നീതു മാത്രമാണ് പ്രതി.

ഇന്നലെ ഉച്ചയോടെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ ആരോഗ്യപ്രവർത്തകയുടെ വസ്ത്രം ധരിച്ചെത്തി നീതു തട്ടിയെടുത്തത്. ഇടുക്കി സ്വദേശികളുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് നീതു മോഷ്ടിച്ചത്. പൊലീസിന്റെ സമയോജിതമായ ഇടപെടലിലൂടെ കുട്ടിയെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ കണ്ടെത്തി. കാമുകനായ ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം നഷ്ടപ്പെടാതിരിക്കാനാണ് എംബിഎ ബിരുദധാരിയായ നീതു ഈ കടുംകൈ ചെയ്തത്. ഇബ്രാഹിമിന്‍റെ കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബന്ധം തുടരാനായിരുന്നു നീക്കം. കുട്ടിയെ തട്ടിയെടുത്ത് ഹോട്ടലിലെത്തിയ നീതു കുട്ടിക്കൊപ്പമുള്ള ഫോട്ടോ കാമുകന് അയയ്ക്കുകയും ചെയ്തു. കൂടാതെ വീഡിയോ കോളിലും സംസാരിച്ചു.

ടിക് ടോക്കിൽ പരിചയപ്പെട്ട കളമശ്ശേരി സ്വദേശിയായ ഇബ്രാഹിമുമായി രണ്ട് വർഷമായി നീതു ബന്ധത്തിലായിരുന്നു. തുടർന്ന് ഗർഭിണി ആവുകയും ചെയ്തു. പക്ഷേ ഗർഭം അലസി. എന്നാൽ ഇക്കാര്യം കാമുകനെ അറിയിച്ചില്ല. പറഞ്ഞാൽ അയാൾ തന്നെ വിട്ടുപോകും എന്നായിരുന്നു നീതുവിന്റെ ഭയം. വിവാഹ മോചിതയാണെന്നാണ് നീതു കാമുകനെ അറിയിച്ചിരുന്നത്. ഇബ്രാഹിമിന്റെ വീട്ടുകാരുമായും നീതു പരിചയത്തിൽ ആയിരുന്നു. ഇബ്രാഹിമും വീട്ടുകാരും നിരന്തരം പ്രസവകാര്യം തിരക്കിയപ്പോൾ കുട്ടിയെ തട്ടി എടുക്കാമെന്ന തന്ത്രമൊരുക്കി. ഡോക്ടറുടെ വസ്ത്രങ്ങളും സ്റ്റെതസ്കോപ്പും ധരിച്ചായിരുന്നു പ്രസവ വാർഡിലെത്തി കുട്ടിയെ തട്ടിക്കൊണ്ടുപോയത്.