വർധിപ്പിച്ച നികുതി പിൻവലിക്കാത്തത് മുഖ്യമന്ത്രിയുടെ പിടിവാശി കാരണം- വിഡി സതീശൻ

തിരുവനന്തപുരം. നികുതി നിർദേശങ്ങൾ പിൻവലിക്കാതിരിക്കാനുള്ള പ്രധാന കാരണം മുഖ്യമന്ത്രിയുടെ പിടിവാശിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്ത് നികുതി അരാജകത്വമാണു നടക്കുന്നത്. പുതിയ നികുതി നിർദേശം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർക്കുന്നത്. രൂക്ഷ വിലക്കയറ്റം സൃഷ്ടിക്കും.

ജനജീവിതം പൂർണമായി ദുരിതത്തിലേക്കു പോകുന്ന ഘട്ടത്തിലേക്കു തള്ളിയിടുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നികുതിപിരിക്കുന്നതിൽ സർക്കാരിനുണ്ടായ പരാജയമാണ് ഇപ്പോൾ ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുന്നത്. സ്വർണത്തിന്റെ നികുതി പിരിച്ചെടുക്കുന്നതിൽ കോടിക്കണക്കിന് രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

ഇതരസംസ്ഥാനങ്ങളിൽനിന്ന് ചരക്കുകൾ വരുമ്പോൾ ലഭിക്കേണ്ട ഐജിഎസ്ടി ഒരു വർഷം 5,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. അഞ്ചുവർഷം കൊണ്ട് 25,000 കോടി രൂപയുടെ നഷ്ടമാണ് സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം ഉണ്ടായിരിക്കുന്നത്. പ്രതിപക്ഷം സമരപരിപാടുകളുമായി മുന്നോട്ടുപോകും. ഈ സമരം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.