പ്രളയത്തില്‍ മാത്രമല്ല ലോക്ക്ഡൗണിലും കൈത്താങ്ങായി നൗഷാദ് കൂടെയുണ്ട്

 

പ്രളയകാലത്ത് സഹായമഭ്യര്‍ത്ഥിച്ച് വന്നവര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കിയ നൗഷാദിനെ ആരും മറന്ന് കാണാനിടയില്ല… എറണാകുളം ബ്രോഡ് വേയിലെ വ്യാപാരിയാണ് നൗഷാദ്. ലോക്ക്ഡൗണിലും സഹജീവികള്‍ക്ക് കൈത്താങ്ങാവുകയാണ്. ബ്രോഡ് വേയില്‍ തെരുവുകച്ചവടം നടത്തുന്ന ഇതര സംസ്ഥാനക്കാര്‍ക്കാണ് നൗഷാദിന്റെ നന്മ ഇത്തവണ തുണയായത്. ഇവരുടെ കുടുംബങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുകയായിരുന്നു നൗഷാദ്.

സഹായിക്കാന്‍ പോകുമ്പോഴും സര്‍ക്കാരിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങളെല്ലാം പാലിച്ചിരുന്നു നൗഷാദ്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ചെന്ന് ആവശ്യമറിയിച്ച് സത്യവാങ്മൂലം വാങ്ങിച്ച ശേഷമാണ് സാധനങ്ങള്‍ വാങ്ങി എത്തിച്ചത്. മാസ്‌കും ഗ്ലൗസും ഉള്‍പ്പെടെയുള്ള സുരക്ഷാകവചങ്ങളും ധരിച്ചിരുന്നു. കൂടുതല്‍ പേര്‍ക്ക് സഹായം ചെയ്യണമെന്നുണ്ടെന്നും എന്നാല്‍, സാമ്ബത്തിക പരിമിതിയാണ് വെല്ലുവിളിയാകുന്നതെന്നും നൗഷാദ് പറയുന്നു.

‘സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും അതിനും പരിമിതികളുണ്ട്.

നമ്മളും കഴിയുന്നതുപോലെ മറ്റുള്ളവരെ സഹായിക്കണം. സഹായം ചോദിച്ച് എന്നെ ഒരുപാടു പേര്‍ വിളിക്കുന്നുണ്ട്. എന്നാല്‍, എന്നെക്കൊണ്ട് ഒറ്റയ്ക്ക് എല്ലാവരെയും സഹായിക്കുക സാധ്യമല്ലല്ലോ. മറ്റുള്ളവരും സഹായ മനസ്ഥിതിയുമായി എത്തിയാല്‍ കൂടുതല്‍ പേരിലേക്ക് സഹായമെത്തിക്കാനാകും’ -നൗഷാദ് കൂട്ടിച്ചേര്‍ത്തു.