ഹൈക്കോടതി അനുമതി നൽകിയിട്ടും പ്രവാസിയുടെ സംരംഭത്തെ തകർക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നു

കോട്ടയം. കേരളത്തിൽ ആരംഭിച്ച സംരംഭത്തെ തകർക്കാനുള്ള നീക്കം ഉദ്യോഗസ്ഥർ നടത്തുന്നതായി പ്രവാസി മലയാളി. കോട്ടയം ഈരയിൽകടവിലെ ആൻസ് കൺവെൻഷൻ സെന്റർ ഉടമ ഉമ്മൻ ഐപ്പാണ് പരാതിക്കാരൻ. ഏറെക്കാലത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ ഹൈക്കോടതി വിധി അനുകൂലമായി.

എന്നാൽ വ്യക്തികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള ഗൂഢനീക്കങ്ങൾ തുടരുന്നതിനാൽ താൻ മടുത്തെന്നും കേരളത്തിൽ സംരംഭങ്ങൾ തുടങ്ങാനില്ലെന്നും ഉമ്മൻ ഐപ്പ് പറഞ്ഞു. നീണ്ട പ്രവാസത്തിനൊടുവിൽ കേരളത്തിൽ ഒരു സംരംഭം വേണമെന്ന ആഗ്രഹത്തെ തുടർന്നാണ് 2019ൽ ആൻസ് കൺവെൻഷൻ സെന്റർ ഉമ്മൻ ഐപ്പ് തുടങ്ങിയത്.

കോട്ടയം നഗരസഭയുടെ പതിനൊന്നാം വാർഡിൽ 3 ഏക്കറിലാണു കൺവെൻഷൻ സെന്റർ. പഴയ ട്രാവൻകൂർ പ്ലൈവുഡ് കമ്പനിയുടെ സ്ഥലത്തായിരുന്നു നിർമാണം. കൺവെൻഷൻ സെന്ററിന് അനുമതി ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചെങ്കിലും നഗരസഭ പലവട്ടം നിരസിച്ചു. ഒടുവിൽ ഹൈക്കോടതിയിൽ നിന്നാണ് ഉമ്മൻ ഐപ്പിന് അനുകൂലമായ വിധി വന്നത്.

കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി നൽകിയ ഹൈക്കോടതി, ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനും നഗരസഭയ്ക്കും നോട്ടിസ് അയച്ചു. പ്രാദേശിക കോൺഗ്രസ് പ്രവർത്തകനായ ജയ്ജി പാലക്കലോടിയാണ് ഒരു പരാതിക്കാരൻ. മറ്റു കോടതികളിലെ കേസുകൾ നിലനിൽക്കുന്നുണ്ടെന്നും ഹൈക്കോടതി വിധിയിൽ അപ്പീൽ നൽകുമെന്നും പരാതിക്കാർ പറയുന്നു.