ഒമിക്രോൺ വ്യാപനം വീണ്ടും പതിനായിരം കടന്നേക്കുമെന്ന് വിലയിരുത്തൽ

സംസ്ഥാനത്തെ ഒമിക്രോൺ വ്യാപനം വീണ്ടും പതിനായിരം കടന്നേക്കുമെന്ന് വിലയിരുത്തൽ. രോഗം ഗുരുതരമാകുന്നവരുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടം ഇതുവരെ പ്രകടമാകാത്തതാണ് ആശ്വാസം. കേസുകൾ കൂടുന്നതിനനുസരിച്ച് മരണസംഖ്യ ഉയരുന്നുണ്ട്. കോവിഡിന് പുറമെ വെല്ലുവിളിയായി 16 ദിവസത്തിനിടെ 150 പേർക്കാണ് സംസ്ഥാനത്ത് എലിപ്പനി സ്ഥിരീകരിച്ചത്.

ഈ മാസമാദ്യം 1300ലെത്തിയ കോവിഡ് കേസുകൾ രണ്ടാഴ്ച്ചക്കുള്ളിലാണ് 3500നടുത്തെത്തിയത്. അതിവേഗത്തിലാണ് വളർച്ചാ നിരക്ക് മാറുന്നത്. 0.01ൽ നിന്ന് 0.05ലും ടിപിആർ 3ൽ നിന്ന് 16ന് മുകളിലുമെത്തി. ഈ സ്ഥിതി തുടർന്നേക്കും. പക്ഷെ പ്രതിസന്ധിയുണ്ടാക്കാനിടയില്ല. മരണസംഖ്യ മുകളിലേക്ക് തന്നെയാണ്. 68 മരണമാണ് 16 ദിവസത്തിനിടെ ഉണ്ടായിരിക്കുന്നത്.

എറണാകുളവും തിരുവനന്തപുരവും കഴിഞ്ഞാൽ ജില്ലകളിൽ കോട്ടയത്താണ് കേസുകളിലും മരണത്തിലും പെട്ടെന്നുള്ള ഉയർച്ച. ഇന്നലെ മാത്രം നാല് മരണമാണ് കോട്ടയത്തുണ്ടായത്. സംസ്ഥാനത്തെ കോവിഡ് പരിശോധനകൾ ഉയർത്തി 21,000നു മുകളിലെത്തിച്ചിട്ടുണ്ട്. ഇതിനൊപ്പം വെല്ലവുവിളിയുയർത്തുന്നത് എലിപ്പനിയാണ്. ഈ മാസം മാത്രം 150 പേരിൽ എലിപ്പനി സ്ഥിരീകരിച്ചു. നാലു പേർ ഈ മാസം മാത്രം മരിച്ചു. ഈ വർഷം ഇതുവരെ 18 പേരാണ് എലിപ്പനി ബാധിച്ചു മരിച്ചത്.