സംസ്ഥാനത്ത് ഒരു പനി മരണം കൂടി, ചികിത്സയിലിരുന്ന 13കാരൻ മരിച്ചു

മലപ്പുറം : മലപ്പുറത്ത് പനി ബാധിച്ച് 13കാരൻ മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി ഗോകുൽ(13) ആണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് ഇന്നലെ രാത്രിയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി.

സംസ്ഥാനത്ത് പനി പടർന്നു പിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ ഒരാഴ്‌ച്ചയ്‌ക്കിടെ 69,222 പേർക്കാണ് പനി ബാധിച്ചത്. ഒരാഴ്‌ച്ചയ്‌ക്കിടെ 413 പേർക്ക് ഡെങ്കിപ്പനിയും 30 പേർക്ക് എലിപ്പനിയും ഒമ്പത് പേർക്ക് മലേറിയയും സ്ഥിരീകരിച്ചു.

മലപ്പുറം ജില്ലയിൽ മാത്രം 4300 പേരാണ് പനിയെ തുടർന്ന് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുള്ളത്. വയറിളക്കം, ഛർദ്ദി തുടങ്ങിയ രോഗങ്ങളെ തുടർന്ന് 34 പേരാണ് ചികിത്സയിൽ കഴിയുന്നത്. പനി വ്യാപിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.