ആദിവാസി യുവാവിന്റെ ഏഴ് അവയവങ്ങള്‍ മുറിച്ചെടുത്തത് സേലത്തെ വിംസ് വിനായക മിഷന്‍ ആശുപത്രി

വാഹാനാപടകടത്തില്‍ പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച മീനാക്ഷിപുരം നെല്ലിമേട് പേച്ചിമുത്തുവിന്റെ മകന്‍ മണികണ്ഠന്റെ (22) അവയവങ്ങള്‍ എടുത്തുമാറ്റിയത് സേലത്തെ വിംസ് വിനായക മിഷന്‍ ആശുപത്രി. പരാതിയുമായി കുടുംബം രംഗത്തെത്തിയതോടെ ചിറ്റൂര്‍ എംഎല്‍എ കൃഷ്ണന്‍ കുട്ടി ഇടപെടുകയും മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് തമിഴ്‌നാട് മുഖ്യന്ത്രിക്ക് പിണറായി കത്തയക്കുന്നത്. ആശുപത്രിയുടെ ക്രൂരത അരങ്ങറേയി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആശുപത്രിക്കെതിരെ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.

മെയ് 16-നാണ് മണികണ്ഠന്‍ തമിഴ്നാട്ടിലെ മേല്‍മറവത്തൂരില്‍ ശിങ്കാരിമേളം അവതരിപ്പിക്കാന്‍ പോയത്. 18-ന് തിരിച്ചുവരുമ്‌ബോള്‍ സേലം കള്ളക്കുറിശിക്ക് സമീപം സംഘം സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെട്ടു. പരിക്കേറ്റ മണികണ്ഠനെ ആദ്യം ഇവിടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

പിന്നീടാണ് വിദഗ്ധ ചികിത്സയ്ക്കായി 100 കിലോമീറ്റര്‍ അകലെ സേലത്തുള്ള വിനായക മിഷന്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതരാവസ്ഥയിലായിരുന്ന അവന് മസ്തിഷ്‌കമരണം സംഭവിച്ചതായി 20-ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പിന്നീടായിരുന്നു ആശുപത്രിയുടെ തന്ത്രപരമായ നീക്കത്തിലൂടെ അവയവങ്ങള്‍ മോഷ്ടിച്ചത്. ഇത് സാധൂകരിക്കുന്നതാണ്. ആശുപത്രിയിലെ വിവാദ അവയവ ദാനത്തെക്കുറിച്ച് അന്വേഷണം നടത്തിയ ചിറ്റൂര്‍ തഹസില്‍ദാര്‍ പാലക്കാട് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അപകടത്തില്‍ മരിച്ചയാളുടെ ഏഴ് അവയവങ്ങള്‍ ആശുപത്രി അധികൃതര്‍ എടുത്തുമാറ്റിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആശുപത്രി അധികൃതര്‍ അപകടത്തില്‍ മരിച്ച പേച്ചിമുത്തുവിന്റെ മകന്‍ മണികണ്ഠന്റെ ഹൃദയം, രണ്ട് വൃക്ക, നേത്രപടലം, കരള്‍, കുടല്‍, പാന്‍ക്രിയാസ്, ശ്വാസകോശം എന്നിവ എടുത്തുമാറ്റിയെന്നാണ് രേഖകള്‍ പരിശോധിച്ച തഹസില്‍ദാര്‍ കണ്ടെത്തിയത്.