മാറിയതല്ല, വിവാഹത്തോടെ കുടുംബവിളക്കില്‍ നിന്ന് തന്നെ അവര്‍ മാറ്റിയതാണെന്ന് പാര്‍വ്വതി

കുടുംബ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരമ്പരകളിലൊന്നാണ് കുടുംബവിളക്ക്. സീരിയലിനായി അണിനിരക്കുന്ന താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ്. മീര വസുദേവ്, നൂബിന്‍ ജോണി, ആതിര നായര്‍, തുടങ്ങി നിരവധി പേരാണ് കുടുംബവിളക്കില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പരമ്പരയിലെ താരങ്ങള്‍ ഇടക്ക് വെച്ച് പിന്‍മാറുകയും പുതിയ താരങ്ങളെത്തുകയും ചെയ്തിരുന്നു. ഈ രീതിയില്‍ പരമ്പരയിലെ ശീതളെന്ന കഥാപാത്രവും ഇടയ്ക്ക് മാറിയിരുന്നു.

മൃദുലയും യുവയും

സീരിയലില്‍ സിദ്ധാര്‍ത്ഥിന്റേയും സുമിത്രയുടേയും മകളായ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പാര്‍വതി വിജയ് ആയിരുന്നു. ശീതളായി അഭിനയിച്ച പാര്‍വ്വതി ഇടയ്ക്ക് പെട്ടന്ന് സീരിയലില്‍ നിന്ന് പിന്മാറുകയായിരുന്നു. അഭിനേത്രിയും നര്‍ത്തകിയുമായ മൃദുല വിജയ് യുടെ സഹോദരിയാണ് പാര്‍വതി. പരമ്പരയില്‍ അബിനയിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പാര്‍വ്വതി വിവാഹിതയായത്. അതിനാല്‍ത്തന്നെ വിവാഹത്തോടെയാണ് താരം പിന്മാറിയതെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാലിപ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് പാര്‍വ്വതി.

കുടുബംവിളക്കിന്റെ ക്യാമറാമാനായ അരുണാണ് പാര്‍വതിയെ വിവാഹം ചെയ്തത്. മൂന്ന് മാസത്തെ പ്രണയത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പാര്‍വതിക്കും അരുണിനും ആരാധകരേറെയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയിലാണ് പാര്‍വതി കുടുംബവിളക്കില്‍ നിന്നും അപ്രത്യക്ഷമായതിനെക്കുറിച്ച് പറഞ്ഞത്. സീരിയലില്‍ നിന്ന് താന്‍ മാറിയതല്ല, തന്നെ അവര്‍ മാറ്റിയതാണെന്നായിരുന്നു പാര്‍വ്വതിയുടെ വെളിപ്പെടുത്തല്‍. താന്‍ പിന്‍മാറിയതല്ലെന്നും അവര്‍ മാറ്റിയതാണെന്നും കാരണം അവര്‍ക്കേ അറിയൂയെന്നും താരം പറയുന്നു. മാറിയതല്ല, വിവാഹ ശേഷം തന്നെ മാറ്റിയതാണെന്ന് താരം പറഞ്ഞതോടെ ആരാധകരും ആശങ്കയിലാണ്.

ആരാധകരേറെ

കുടുംബവിളക്ക് സീരിയല്‍ ഇപ്പോള്‍ കാണാറില്ലെന്നും സാന്ത്വനം ഇഷ്ടമാണ്, ചേച്ചിയുടെ സീരിയലായ പൂക്കാലം വരവായിയും കാണാറുണ്ടെന്നും പാര്‍വതി പറഞ്ഞിരുന്നു. തങ്ങളുടേ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകള്‍ സജീവമാണെന്നും വീഡിയോയും ചിത്രങ്ങളുമെല്ലാം കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്നും പാര്‍വതിയും അരുണും പറഞ്ഞിരുന്നു. ജീവിതനൗകയിലാണ് അരുണ്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അഭിനയത്തില്‍ നിന്നും മാറി എംബിഎ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താനെന്നായിരുന്നു പാര്‍വതി പറഞ്ഞത്.