പപ്പ ഒരുപാട് മാറി, സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും നമ്മൾ പറയുന്നതെല്ലാം മനസിലാവും- ​ജ​ഗതിയുടെ മകൾ

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ വെള്ളിത്തിരയിൽ തിരികെ എത്തി സജീവമാകുന്നത് കാത്തിരിക്കുകയാണ് ആരാധകർ. അപകടത്തിൽ ഗുരുതരമായി പരുക്ക് പറ്റി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ് ജഗതി. നിലവിലെ അവസ്ഥയ്ക്ക് അനുയോജ്യമായ സിനിമകളുടെ ആലോചനകൾ നടന്നുകൊണ്ടിരിക്കുകയാണ്. ജഗതിയുടെ ഭാര്യയും മകളും ഒരുമിച്ചെത്തിയ അഭിമുഖമാണ് വൈറലാവുന്നത്, പപ്പയെക്കുറിച്ച് മകൾ പാർവതി പറയുന്നതിങ്ങനെ,

10 വർഷമായി പപ്പ വീട്ടിൽ തന്നെയായിട്ട്. സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും നമ്മൾ പറയുന്നതെല്ലാം മനസിലാവും. ഫിസിയോ തെറാപ്പി മുടങ്ങാതെ ഇപ്പോഴും ചെയ്യുന്നുണ്ട്. അന്ന് പപ്പയെ കണ്ടപ്പോൾ ഇങ്ങനെയൊരു തിരിച്ചുവരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പപ്പ ഒരുപാട് മാറി. സുന്ദരനാണെന്നൊക്കെ പറയുന്നത് കേട്ടാൽ പപ്പയ്ക്ക് സന്തോഷമാണെന്നായിരുന്നു പാർവതി പറഞ്ഞത്.

അന്ന് അദ്ദേഹത്തെ കാണാൻ വന്ന് പ്രാർത്ഥിക്കാം എന്ന് പറഞ്ഞ് പോയവരിൽ പലരും ഇന്ന് നമുക്കൊപ്പമില്ല, അത് വെച്ച് നോക്കുമ്പോൾ പപ്പ ഇപ്പോഴും നമുക്കൊപ്പമുണ്ടല്ലോയെന്നത് ആശ്വാസമാണ്. എത്ര വൈകിക്കിടന്നാലും രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്ന പതിവുണ്ട് പപ്പയ്ക്ക്. അപകടത്തിന് മുൻപ് വരെ അങ്ങനെ ചെയ്തിരുന്നതിനാലാവാം ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞത്. പപ്പ വീട്ടിൽ നല്ല സ്ട്രിക്റ്റാണ്, എന്നാൽ എന്റടുത്ത് മാത്രമേ അത് നടക്കാതെ വന്നിട്ടുള്ളൂയെന്നായിരുന്നു പാർവതി പറഞ്ഞത്.

എല്ലാത്തിലും നല്ലതിനെ പിന്തുണയ്ക്കുന്നയാളാണ് പപ്പ. മോശമാണെങ്കിൽ നമ്മൾ തന്നെ അതിജീവിക്കണം. നീ നിന്റെ തന്നെയൊരു ഇത് ഉണ്ടാക്കിയെടുക്കുക. കല്യാണത്തിന്റെ കാര്യം പറഞ്ഞപ്പോൾ അങ്ങനെ എതിർപ്പൊന്നുമുണ്ടായിരുന്നില്ല. ഇനിയെന്തെങ്കിലും വന്നാൽ നീ നോക്കിക്കോളണം എന്ന നിലപാടായിരുന്നു. വഴക്കിട്ട് ഇങ്ങോട്ടേക്ക് വരരുത് എന്നൊക്കെയാണ്, ഇടയ്ക്ക് ഞാൻ വഴക്കുണ്ടാക്കി വന്ന് 2 ദിവസം കഴിയുമ്പോൾ വീണ്ടും പോവും. എനിക്ക് അങ്ങനെയേയുള്ളൂ. എന്റെ കല്യാണം എന്റെ സ്വാതന്ത്ര്യത്തിന് വിട്ട് തരികയായിരുന്നു പപ്പ. അമ്മയ്ക്ക് ആദ്യം എതിർപ്പുണ്ടായിരുന്നു. പപ്പയാണ് അമ്മയെ സമ്മതിപ്പിച്ചത്

2012ൽ തേഞ്ഞിപ്പാലത്ത് വെച്ചുണ്ടായ കാർ അപകടത്തിൽ ഗുരുതരമായി പരുക്കുപറ്റിയ ജഗതി പിന്നീട് നീണ്ട നാളുകളായി ചികിത്സയിലായിരുന്നു. എഴുന്നേറ്റ് നിൽക്കാനോ സംസാരിക്കാനോ പോലും സാധിക്കാത്ത അവസ്ഥയിൽ ആയിരുന്നു. ഇപ്പോൾ പതിയെ ജീവിതത്തിലേക്ക് മടങ്ങി എത്തുകയാണ് അദ്ദേഹം. തിരുവമ്പാടി തമ്പാൻ, ഇടവപ്പാതി, ഗ്രാൻഡ് മാസ്റ്റർ, കിംഗ് ആൻഡ് കമ്മീഷണർ, മാസ്റ്റേഴ്സ്, കൗബോയ്സ്, സ്ട്രീറ്റ് ലൈറ്റ്, ബോംബെ മിഠായി തുടങ്ങി പത്തോളം ചിത്രങ്ങളിലായിരുന്നു ജഗതി അന്ന് അഭിനയിച്ച് വന്നിരുന്നത്. ജഗതിയെ ഒഴിവാക്കിയും കഥയിൽ മാറ്റം വരുത്തിയും പലരും പടം പൂർത്തിയാക്കുകയായിരുന്നു. തിരുവമ്പാടി തമ്പാന്റെ ലൊക്കേഷനിൽ നിന്നും ഇടവപ്പാതിയുടെ ലൊക്കേഷനിലേക്ക് പോകുംവഴിയായിരുന്നു അപകടം സംഭവിച്ചത്.