അനുപമ പരമേശ്വരനെതിരെ പവന്‍ കല്യാണ്‍ ആരാധകര്‍, ഒടുവില്‍ ക്ഷമ പറഞ്ഞ് തടിയൂരി നടി

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരന്‍. പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ താരം മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും തിളങ്ങി നില്‍ക്കുകയാണ്. പ്രേമത്തിന്റെ തെലുങ്ക് പതിപ്പില്‍ അനുപമ തന്നെയായിരുന്നു ആ വേഷത്തില്‍ എത്തിയത്. പിന്നീട് യുവ താരങ്ങളുടെ നായികയായി ടോളിവുഡില്‍ അനുപമ തിളങ്ങി. തെലുങ്കില്‍ നിരവധി ആരാധകരുള്ള നടിയാമ് അനുപമ പരമേശ്വരന്‍. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. പുതി ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് അനുപമ രംഗത്തെത്താറുണ്ട്.

കഴിഞ്ഞ ദിവസം തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ പവന്‍ കല്യാണിന്റെ വക്കീല്‍ സാബിനെ കുറിച്ചുള്ള അനുപമയുടെ ട്വീറ്റ് വൈറലായിരുന്നു. സിനിമ കണ്ടതിന് ശേഷം ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചു കൊണ്ടായിരുന്നു അനുപമയുടെ ട്വീറ്റ്. കരുത്തുറ്റ കഥാപാത്രം എന്ന് പറഞ്ഞ് പവന്‍ കല്യാണിനെയും നിവേദ തോമസ്, അനന്യ, അഞ്ജലി, പ്രകാശ് രാജ് എന്നീ താരങ്ങളെയെല്ലാം അനുപമ അഭിനന്ദിച്ചു. എന്നാല്‍ ഈ ട്വീറ്റിന് പിന്നാലെ പവന്‍ കല്യാണ്‍ ആരാധകര്‍ നടിക്കെതിരെ രംഗത്തെത്തി.

പവന്‍ കല്യാണിനെ ബഹുമാനിക്കാതെ പേര് വിളിച്ചു എന്നാണ് ആരാധകരുടെ ആരോപണം. പ്രകാശ് രാജിനെ സര്‍ എന്നാണ് ട്വീറ്റില്‍ നടി അഭിസംബോധന ചെയ്തത്. എന്നാല്‍ പവന്‍ കല്യാണിനെ പേര് മാത്രമായിരുന്നു വിളിച്ചത്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ എല്ലാവരോടും ക്ഷമ പറഞ്ഞ് പുതിയ ട്വീറ്റുമായി എത്തുകയായിരുന്നു അനുപമ. ക്ഷമിക്കണം, പവന്‍ കല്യാണ്‍ ഗാരുവിനോട് ഒരുപാട് ബഹുമാനവും സ്‌നേഹവും എന്നാണ് അനുപമ കുറിച്ചത്.