ശബരിമലയില്‍ പോലീസ് തന്നിഷ്ടം കാട്ടി; വിവരങ്ങള്‍ ചോര്‍ത്തി, സര്‍ക്കാരിനെ ഒറ്റി; മുഖ്യമന്ത്രി

ശബരിമലയിലെത്തിയ യുവതികള്‍ക്ക് സംരക്ഷണം നല്‍കാത്തതില്‍ പോലീസുകാരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനൊപ്പം നിന്നില്ല.മനീതി സംഘം ശബരിമലയിലെത്തിയപ്പോള്‍ പോലീസുകാര്‍ ഉത്തരവാദിത്തം മറന്നുവെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.പൊലീസുകാര്‍ മത തീവ്രവാദികള്‍ക്ക് വിവരം ചോര്‍ത്തി നല്‍കി. ശബരിമല ഡ്യൂട്ടിയില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വിട്ടുനിന്നു. മനിതി സംഘം എത്തിയപ്പോള്‍ പൊലീസ് ഉത്തരവാദിത്തം മറന്നു നാറാണത്തു ഭ്രാന്തന്‍മാരായെന്നും അദ്ദേഹം വിമര്‍ശിച്ചു.

‘പൊലീസുകാര്‍ സര്‍ക്കാര്‍ തീരുമാനത്തോടൊപ്പവും സംസ്ഥാന താല്‍പര്യത്തിന് ഒപ്പവുമാണ്‌നില്‍ക്കേണ്ടത്.നിങ്ങളില്‍ ചിലര്‍ക്ക് നെഞ്ചില്‍ കൈവച്ച് പറയാമോ സ്റ്റേറ്റിനൊപ്പം നിന്നുവെന്ന്’ഇതായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.ശബരിമലയിലെ വിവരങ്ങള്‍ പൊലീസുകാരില്‍ ചിലര്‍മതതീവ്രവാദികളെ അറിയിച്ചു. ഇത് പ്രശ്‌നങ്ങള്‍ ആളിക്കത്തിക്കാനിടയാക്കിയെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

അതേസമയം ശബരിമല ഡ്യൂട്ടിയില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥര്‍ വിട്ടു നിന്നെന്നും അദ്ദേഹം പറഞ്ഞു.ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചത് സ്വന്തം താല്പര്യം മാത്രം പരിഗണിച്ചാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.പലപ്പോഴും നാറാണത്ത് ഭ്രാന്തന്റെ അവസ്ഥയിലായിരുന്നു പൊലീസെന്നും പിണറായി വിജയന്‍ പറഞ്ഞുപോലീസുദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഷയുമായി ബന്ധപ്പെട്ട് സീസണ്‍ കഴിഞ്ഞപ്പോള്‍ത്തന്നെ ഒരു യോഗത്തില്‍ ഇക്കാര്യങ്ങള്‍ പറയണമെന്നുണ്ടായിരുന്നു. പക്ഷേ അവസരം ലഭിച്ചില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മൂന്നാംമുറയും മോശമായ പെരുമാറ്റവും സേനയില്‍ വെച്ചുപൊറുപ്പിക്കാന്‍ സാധിക്കില്ല. ഇത്തരം നടപടികള്‍ തിരുത്താത്ത ഉദ്യോഗസ്ഥരെ പരിശീലനത്തിന് അയക്കാന്‍ ഡിജിപി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.