വിമര്‍ശിക്കുന്നവരെ ഭയപ്പെടുത്താനാണ് പിണറായി ശ്രമിക്കുന്നത്, സ്വന്തം നിഴല്‍ കണ്ടാലും അദ്ദേഹം പേടിക്കുമെന്ന് വിഡി സതീശന്‍

കോഴിക്കോട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നവകേരള സദസ്സിനിടെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കാപ്പ പ്രകാരം ജയിലില്‍ അടയ്‌ക്കേണ്ടവരാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് ഉപജാപക സംഘമാണെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു. വെയില്‍ ഉള്ളപ്പോള്‍ മുഖ്യമന്ത്രി പുറത്തിറങ്ങരുത്. സ്വന്തം നിഴല്‍ കണ്ടാല്‍ പോലും അദ്ദേഹം പേടിക്കും. നവകേരള യാത്രയുടെ മറവില്‍ വലിയ അഴിമതിയാണ് നടക്കുന്നത്. പരാതികള്‍ ചാക്കില്‍ കെട്ടി സൂക്ഷിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

സംസ്ഥാനത്തിന്റെ ഖജനാവ് താഴിട്ട് പൂട്ടിയിരിക്കുകയാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ക്രൈസ്തവര്‍ക്കെതിരെ വലിയ ആക്രമങ്ങള്‍ നടന്ന വര്‍ഷമാണ്. ബിജെപിക്കാര്‍ ക്രൈസ്തവരുടെ വീടുകളില്‍ കേക്കുമായി ഇറങ്ങിയിരിക്കുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു.