‘മോൺസന്റെ വീട്ടിൽ പൊലീസ് പോയത് സുഖചികിത്സയ്ക്കല്ല’; മോൻസൺ വിഷയത്തിൽ പ്രതിപക്ഷത്തിനെതിരെ പരിഹാസവുമായി മുഖ്യമന്ത്രി

പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൺ മാവുങ്കൽ വിഷയത്തിൽ പ്രതിപക്ഷത്തെ പരോക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി. മോൺസന്റെ വീട്ടിൽ പൊലീസ് ഉദ്യോഗസ്ഥർ പോയത് സുഖചികിത്സയ്ക്കല്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മോൻസണിന്റെ വീട്ടിൽ ആരൊക്കെ എന്തിനൊക്കെയാണ് പോയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ഡിജിപി സന്ദർശിച്ച ശേഷം മോൻസണിനെപ്പറ്റി അന്വേഷിക്കാൻ ഇന്റലിജൻസിന് നിർദേശം നൽകിയെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. മുൻകൂർ ജാമ്യത്തിനായുള്ള മോൻസണിന്റെ നീക്കം പൊലീസ് പ്രതിരോധിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, പുരാവസ്തു തട്ടിപ്പ് കേസിൽ നിയമസഭയിൽ പ്രതിപക്ഷത്തെ പ്രതിനിധീകരിച്ചു പി.ടി തോമസ് എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി. തട്ടിപ്പുകാരനായിട്ടും മോൻസണിന്റെ വീട്ടിൽ കാവൽ ഏർപ്പെടുത്തിയെന്ന് പി.ടി തോമസ് സഭയിൽ പറഞ്ഞു. ഇന്റലിജൻസ് മുന്നറിയിപ്പ് ലഭിച്ച ശേഷമാണ് മോൻസണിന് സുരക്ഷ നൽകിയത്. ലോക കേരളസഭ പ്രതിനിധിയായി ഇറ്റലിയിലെ പ്രവാസി ഇടനിലക്കാരിയുണ്ടായിരുന്നുവെന്നും പി.ടി തോമസ് ചൂണ്ടിക്കാട്ടി. അന്വേഷണം വേണമെന്ന ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും ഐ.ജി കേസിൽ ഇടപെട്ടുവെന്നും പി.ടി തോമസ് ആരോപിച്ചു.