പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും, പാലക്കാട് വമ്പൻ റോഡ്ഷോ, ആവേശത്തിൽ അണികൾ

പാലക്കാട് : തിരഞ്ഞെടുപ്പ് തിയതി വന്നതിന് തൊട്ട് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഇന്ന് കേരളത്തിലെത്തും. പാലക്കാടാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുക. തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുളള പ്രധാനമന്ത്രിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോയാണ് ഇന്ന് നടക്കുന്നത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമാണ് പാലക്കാട്.

സി കൃഷ്ണകുമാറാണ് ഇവിടുത്തെ സ്ഥാനാർത്ഥി. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ അണിനിരക്കും. രാവിലെ 9.30ന് കോയമ്പത്തൂരിൽ നിന്ന് പാലക്കാട് മേഴ്സി കോളേജ് മൈതാനത്തെത്തുന്ന അദ്ദേഹം റോഡ് മാർഗം അഞ്ചുവിളക്കിലെത്തി അവിടെ നിന്നാണ് റോഡ് ഷോയിൽ പങ്കെടുക്കുക.

അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഒരുക്കങ്ങൾ പൂർത്തിയായതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. പാലക്കാട് സംഘടിപ്പിച്ച വാർത്താസമ്മേളത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മേഴ്സി കോളേജ് ഗ്രൗണ്ടിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ പാർട്ടി നേതാക്കളും സാമൂഹിക, സംഘടനാ മേഖലയിലെ പ്രമുഖരും മത നേതാക്കൾ ഉൾപ്പെടെയുള്ളവരും ചേർന്നു സ്വീകരിക്കും. അര ലക്ഷത്തിലധികം പേർ പ്രധാനമന്ത്രിയുടെ റോഡ് ഷോ കാണാനെത്തുമെന്നു ഭാരവാഹികൾ അറിയിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറാണ് പാലക്കാട് ലോക്സഭാ മണ്ഡലം എ‍ൻഡിഎ സ്ഥാനാർത്ഥി. ഹെഡ്പോസ്റ്റ് ഓഫീസ് പരിസരത്ത് റോഡ് ഷോ അവസാനിച്ച ശേഷം പ്രധാനമന്ത്രി അവിടെ നിന്ന് വാഹനത്തിൽ മോയൻ സ്കൂൾ ജംഗ്ഷൻ, ടൗൺ റെയിൽവേ മേൽപാലം, ശകുന്തള ജംഗ്ഷൻ, ബിഇഎം സ്കൂൾ ജംഗ്ഷൻ, കെഎസ്ആർടിസി വഴി മേഴ്സി കോളേജ് ഗ്രൗണ്ടിലെത്തി തിരിച്ചു പോകും.

പ്രധാനമന്ത്രിയുടെ റോഡ് ഷോയുടെ ഭാഗമായി സുരക്ഷാ നടപടികൾ പൂർത്തിയായി. നഗരത്തിലും പരിസരത്തും സുരക്ഷാ പരിശോധന ആരംഭിച്ചു. ഇന്നലെ മേഴ്സി കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററുകൾ ഇറക്കി പരിശോധന നടത്തി. മേഴ്സി കോളജ് മുതൽ കോട്ടമൈതാനം വരെയുള്ള റോഡിന്റെ വശത്ത് ബാരിക്കേഡുകൾ നിരത്തി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇന്നു ട്രയൽ റൺ നടത്തി.