വാരിയംകുന്നനില്‍ നിന്നുള്ള പിന്മാറ്റം എന്റെ തീരുമാനമല്ല, പൃഥ്വിരാജ് പറയുന്നു

വാരിയംകുന്നന്‍ എന്ന ചിത്രത്തില്‍ നിന്നും പിന്മാറാനുള്ള തീരുമാനം തന്റേതല്ലെന്ന് നടന്‍ പൃഥ്വിരാജ്. ഭ്രമം സിനിമയുടെ റലീസിങ്ങിനായി ദുബായില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് പൃഥ്വിരാജ് ഇത്തരത്തില്‍ പ്രതികരിച്ചത്. താന്‍ ആ സിനിമയുടെ നിര്‍മാതാവോ സംവിധായകനോ അല്ല, അവരാണ് അതിന് മറുപടി പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാരിയന്‍കുന്നനുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ശ്രദ്ധിച്ചിരുന്നോ എന്ന ചോദ്യത്തിന് ‘തന്റെ വ്യക്തിജീവിതത്തെ കുറിച്ചും കലാജീവിതത്തെ കുറച്ചും പുറത്തുള്ളവര്‍ എന്ത് പറയുന്നു എന്നതിന് ചെവി കൊടുക്കാറില്ലെന്നായിരുന്നു പൃഥ്വിയുടെ മറുപടി.

അന്ധാദുന്‍ എന്ന ഹിന്ദി സിനിമയുടെ മലയാളം പതിപ്പാണ് ഭ്രമം. ഈ സിനിമ മലയാളത്തില്‍ നിര്‍മിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ, അഭിനയിക്കാനാണ് അവസരം ലഭിച്ചത്. പുതുമകളുള്ള സിനിമയാണ് ഭ്രമം. യു.എ.ഇയിലെ തീയറ്ററില്‍ സിനിമ റിലീസ് ചെയ്യാന്‍ അവസരം ലഭിച്ചത് മികച്ച സൂചനയാണ്. കോവിഡ് കാലം സിനിമാ നിര്‍മാണം ലളിതമാക്കുകയും പുതിയ സാധ്യതകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തെന്നും പൃഥ്വിരാജ് പറഞ്ഞു.

അതേസമയം പൃഥിരാജിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യാന്‍ ഒരുങ്ങിയ വാരിയംകുന്നന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി നിര്‍മാതാക്കളായ കോമ്പസ് മൂവീസ് രംഗത്തെത്തിയിരുന്നു. വാരിയംകുന്നന്‍ കുഞ്ഞഹമ്മദ് ഹാജി എന്ന വിപ്ലവകാരിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരു സിനിമ നിര്‍മ്മിക്കുക എന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നെന്നും എന്നാല്‍ ഇത് മനസിലാക്കി തന്നെയാണ് ഈ പദ്ധതിക്ക് തങ്ങള്‍ തുടക്കം കുറിച്ചിരുന്നതെന്നും കോമ്പസ് മൂവീസ് ഔദ്യോഗികമായി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

ചില ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങളാല്‍ പ്രഖ്യാപിക്കപ്പെട്ട പ്രോജക്ടില്‍ നിന്നും ആഷിഖ് അബുവിനും പൃഥ്വിരാജ് സുകുമാരനും മാറിനില്‍ക്കേണ്ടതായി വന്നെന്നും എന്നാല്‍ വാരിയംകുന്നന്‍ എന്ന സിനിമ അതിന്റെ ഏറ്റവും മികച്ച കലാമികവോടെ തന്നെ ആഗോള സിനിമാലോകത്തേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് തങ്ങളെന്നുമാണ് കോമ്പസ് മൂവീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.