വീടിന്റെ അടിത്തറ തെറ്റിയാൽ എല്ലാം കൈവിട്ട് പോകും, എന്റെ വിജയത്തിനു പിന്നിൽ ലിസ്സിയായിരുന്നു- പ്രിയദർശൻ

മലയാളികളുടെ പ്രിയസംവിധായകനാണ് പ്രിയ​ദർശൻ. അഭിനേത്രിയായ ലിസിയെയായിരുന്നു അദ്ദേഹം ജീവിതസഖിയാക്കിയത്. സംവിധായകനും നായികയും ജീവിതത്തിലും ഒരുമിക്കാനായി തീരുമാനിച്ചപ്പോൾ സുഹൃത്തുക്കളായിരുന്നു ശക്തമായ പിന്തുണ നൽകിയത്. കടുത്ത എതിർപ്പുകളെ അവഗണിച്ചായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തോടെ ലിസി സിനിമയിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു. 1990 ഡിസംബർ 13നായിരുന്നു ഇവരുടെ വിവാഹം. 24 വർഷത്തിന് ശേഷം 2014 ഡിസംബർ 1ന് പ്രിയദർശനും ലിസിയും വേർപിരിയുകയായിരുന്നു. ആരാധകരെ ഞെട്ടിച്ച വിവാഹമോചനങ്ങളിലൊന്നായിരുന്നു ഇവരുടേത്. ഒരുമിച്ച് കഴിയാനാവില്ലെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായിരുന്നു ഇരുവരും വഴിപിരിഞ്ഞത്. മക്കളായ കല്യാണിയും സിദ്ധാർത്ഥും ഈ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു.

വിവാഹ മോചിതരാണെങ്കിലും പ്രിയദർശൻ ലിസിയെക്കുറിച്ചുള്ള പോസ്റ്റുകളുമായിരം​ഗത്തെത്താറുണ്ട്. ഇപ്പോഴിതാ തന്റെ ഓരോ സിനിമയുടെയും വിജയത്തിന്റെ കാരണം ഭാര്യ ലിസിയാണെന്ന് തുറന്ന് പറയുകയാണ് പ്രിയദർശൻ.ഞാൻ സിനിമ ചെയ്യുമ്പോൾ എന്റെ സിനിമയുടെ വിജയത്തിന്റെ പ്രധാന കാരണം എൻറെ ഭാര്യ തന്നെയായിരുന്നു. കാരണം നമ്മുടെ ജോലി എന്ന് പറയുന്നത് അവധിയില്ല, സമയത്തിന് നിശ്ചയമില്ല, ആഹാരം കഴിക്കുന്നതിനു നേരമില്ല. സംവിധായകൻ എന്നാൽ ക്യാപ്റ്റൻ ഓഫ് ഷിപ്പ് ആണ്. ഒരുപാട് പ്രതിസന്ധികൾക്കുള്ളിൽ നിൽക്കുന്ന ജോലിയാണത്. ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാ വലിയ സംവിധായകരുടെയും കരിയർ താഴെ പോയിട്ടുണ്ടെങ്കിൽ മേജർ റീസൺ അവരുടെ കുടുംബമാണ്.

വീടിൻറെ അടിത്തറ തെറ്റിയാൽ ഒരു ക്രിയേറ്റീവ് പേഴ്സണും നേരെ ചൊവ്വേ നിൽക്കാൻ കഴിയില്ല. അതിന് ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട്. അവരുടെ ഒന്നും പേര് പറയാൻ കഴിയാത്തത് കൊണ്ട് പറയാത്തതാണ് കാരണം എന്നെക്കാൾ വലിയ ആളുകളാണ് അവർ. അവരുടെയൊക്കെ തകർച്ചയുടെ പ്രധാന കാരണം വീട് തന്നെയാണ്. പ്രിയദർശൻ വ്യക്തമാക്കുന്നു