പഞ്ചാബില്‍ തിരെഞ്ഞെടുപ്പ് ചൂട്; കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

പഞ്ചാബിൽ ഭരണം പിടിക്കാൻ കോൺഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി.
മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ചാംകൗര്‍ സാഹിബിലും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു അമൃത്സര്‍ ഈസ്റ്റിലും മത്സരിക്കും. ഇരുവരുടെയും സിറ്റിംഗ് മണ്ഡലങ്ങള്‍ തന്നെയാണിത്. 86 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.

പഞ്ചാബ് ഉപമുഖ്യമന്ത്രി രണ്‍ധാവ ധേരാ ബാബ നാനാക് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. അമൃത്സര്‍ സെന്‍ട്രലില്‍ നിന്നാണ് ഓം പ്രകാശ് സോണി മത്സരിക്കാനിറങ്ങുക. നടന്‍ സോനു സൂദിന്റെ സഹോദരി മാളവിക മോഗയില്‍ നിന്ന് മത്സരിക്കും. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം ഫെബ്രുവരി 14 ന് പഞ്ചാബില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് വോട്ടെണ്ണും.

ടൈംസ് നൗ-വീറ്റോ നടത്തിയ പ്രീപോള്‍ സര്‍വേ ഫലം പ്രകാരം വ്യക്തമായ ഭൂരിപക്ഷമില്ലാതെ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനക്കയറ്റത്തിനാണ് പഞ്ചാബില്‍ സാധ്യത. ശിരോമണി അകാലിദള്‍-ബിഎസ്പി സഖ്യം 14-17 സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ പ്രവചനം. ബിജെപി-പിഎല്‍സി സഖ്യം 1-3 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വേ സൂചിപ്പിക്കുന്നു. ആകെയുള്ള 117ല്‍ 104 സീറ്റുകളിലേക്കാണ് ആംആദ്മി പാര്‍ട്ടി മത്സരിക്കുക. ജലന്ദര്‍, ഗുരുഹര്‍ സഹയ്, അബോഹര്‍ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരും എഎപി നിശ്ചയിച്ചുകഴിഞ്ഞു.

എബിപി സി വോട്ടര്‍ സര്‍വേ പ്രകാരം എഎപി 38% (5056), കോണ്‍ഗ്രസ് 34% (3945), എസ്എപി+ബിഎസ്പി സഖ്യം 20% (1723), ബിജെപി സഖ്യം 5%(03) എന്നതാണ് നില. 2017ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 117 അംഗ പഞ്ചാബ് നിയമസഭയില്‍ കോണ്‍ഗ്രസ്-77, ആംആദ്മി -20, ശിരോമണി അകാലിദള്‍ -15, ബിജെപി -3, എല്‍ഐപി -2 എന്നിങ്ങനെയായിരുന്നു വിജയം.