ഇതുപോലൊരു പ്രതിപക്ഷ പ്രതിഷേധം മുമ്പുണ്ടായിട്ടില്ലെന്ന് ശിവന്‍കുട്ടി ; പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം : നിയമസഭയിലെ പ്രതിപക്ഷ സമരത്തെ വിമര്‍ശിച്ച വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ഇപ്പോള്‍ നടക്കുന്ന രൂപത്തിലുള്ള പ്രതിപക്ഷ പ്രതിഷേധം മുമ്പുണ്ടായിട്ടില്ലെന്ന ശിവന്‍കുട്ടിയുടെ വിമര്‍ശനത്തോടാണ് രാഹുലിന്റെ പരിഹാസം.

തങ്ങളുടെ ഓര്‍മ്മശക്തി കുളു മണാലിക്ക് ടൂര്‍ പോയേക്കുകയാണല്ലോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം.
ഓ അംബ്രാ… ഞങ്ങടെ ഓര്‍മ്മശക്തി കുളു മണാലിക്ക് ടൂര്‍ പോയേക്കുകയാണല്ലോ!’- രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയുണ്ടായ സഭയിലെ കയ്യാങ്കളിയുടെ ചിത്രമുള്‍പ്പെടെ പങ്കുവെച്ചാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളില്‍ തീരുമാനം ഉണ്ടാവാത്തതിലും സര്‍ക്കാര്‍ ധിക്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ നടപടി തുടരുന്നതിനെതിരെയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
നിയമസഭയുടെ നടുത്തളത്തില്‍ . എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, ടി.ജെ. വിനോദ്, കുറുക്കോളി മൊയ്തീന്‍, എ.കെ.എം. അഷ്‌റഫ്, ഉമാ തോമസ് എന്നിവർ അനിശ്ചിതകാലത്തേക്ക് നിരാഹാരമിരിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ഇതോടെയാണ് മന്ത്രി ശിവന്‍കുട്ടി പ്രതിപക്ഷത്തെ വിമര്‍ശിച്ചത്. തങ്ങളൊക്കെ മുമ്പ് സഭാംഗങ്ങളായിരുന്നവരാണ്. മുമ്പും ശക്തമായ പ്രതിഷേധമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നടന്നുവരുന്ന രൂപത്തിലുള്ള ഒരു പ്രതിഷേധവും സഭയില്‍ ഉണ്ടായിട്ടില്ലെന്നായിരുന്നു ശിവന്‍കുട്ടി പ്രതികരിച്ചത്.