കേരളത്തിന് പത്ത് വന്ദേഭാരത് എക്‌സ്പ്രസുകള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്. കേരളത്തിന് പത്ത് വന്ദേഭാരത് എക്‌സ്പ്രസുകള്‍ക്ക് അര്‍ഹതയുണ്ടെന്ന് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. സംസ്ഥാനത്തിന് ലഭിച്ച രണ്ടാം വന്ദേഭാരതിന്റെ ഫ്‌ലാഗ് ഓഫിന് മുന്നോടിയായി നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കേരളത്തിന് പത്ത് വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ഇത് ലഭിക്കാന്‍ കേന്ദ്രമന്ത്രി സമ്മര്‍ദ്ദം ചെലുത്തണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. വന്ദേഭാരത് കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. വന്ദേഭാരത് കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. കേരളമുള്‍പ്പെടെയുളള 11 സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച 9 വന്ദേഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫാണ് പ്രധാനമന്ത്രി നിര്‍വ്വഹിച്ചത്.

കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി വി മുരളീധരന്‍, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ് എന്നിവരുള്‍പ്പെടെയുളള നേതാക്കള്‍ പങ്കെടുത്തു. ഒപ്പം മന്ത്രി വി അബ്ദുള്‍ റഹിമാനും രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പിയും പങ്കെടുത്തിരുന്നു.