അഞ്ച് വര്‍ഷമായി രോഗം അറിഞ്ഞിട്ട്, ആദ്യമേ തന്നെ അസുഖം ചികിത്സിച്ചു തുടങ്ങിയിരുന്നു, നെടുമുടി വേണുവിനെ കുറിച്ച് രഞ്ജിത്ത്

മലയാളികളുടെ പ്രിയ നടന്‍ നെടുമുടി വേണു വിടപറഞ്ഞിട്ട് രണ്ട് നാള്‍. ഇപ്പോഴും പ്രിയപ്പെട്ടവര്‍ക്ക് അദ്ദേഹത്തിന്റെ വിയോഗം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. സിനിമ മേഖലയില്‍ അദ്ദേഹത്തോളം സൗഹൃദം കാത്തു സൂക്ഷിക്കുന്ന മറ്റൊരാളില്ല. അദ്ദേഹത്തിന്റെ മുഖം അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയപ്പോള്‍ താരങ്ങളുടെ വൈകാരിക നിമിഷങ്ങളില്‍ നിന്നും അത് വ്യക്തമാണ്. ഇപ്പോള്‍ നല്ല കഥാപാത്രങ്ങള്‍ പ്രതിഫലമില്ലാതെ അവതരിപ്പിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു എന്ന് പറയുകയാണ് നിര്‍മ്മാതാവ് രഞ്ജിത്ത്.

രഞ്ജിത്തിന്റെ വാക്കുകള്‍ ഇങ്ങനെ, അദ്ദേഹവുമായി എപ്പോഴും ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരു ജീവിതമായിരുന്നു തന്റേത്. കുടുംബവുമായും ആ അടുപ്പം സൂക്ഷിച്ചിരുന്നു. ‘ശ്രീ ഗുരുവായൂരപ്പന്‍’ സീരിയലില് വേണ്ടി നെടുമുടിയെ സമീപിച്ചു.സിനിമയില്‍ തിരക്കോടു തിരക്കുള്ള സമയമാണ്. പക്ഷേ, അദ്ദേഹം ആ വേഷം ഏറ്റെടുത്തു.

30 വര്‍ഷമായുള്ള ബന്ധമാണ് അദ്ദേഹവുമായി. ആദ്യചിത്രം മുഖച്ചിത്രത്തില്‍ വേണുച്ചേട്ടനുണ്ടായിരുന്നു അന്നു മുതല്‍ തുടങ്ങിയ അടുപ്പമാണ്. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും സ്‌നേഹത്തോടെ ഇടപെടുന്നതാണ് അദ്ദേഹത്തിന്റെ രീതി. വേണുച്ചേട്ടന്റെ സൗഹൃദം വളരെ ആഴത്തിലാണ്. നിര്‍മാതാക്കളോട് നന്നായി സഹകരിച്ചിരുന്ന അദ്ദേഹം നല്ല കഥാപാത്രങ്ങള്‍ പ്രതിഫലമില്ലാതെ അവതരിപ്പിക്കാനും തയാറായിരുന്നു.

സൗഹൃദം എന്നതിനുപരി സഹോദര്യമോ അതിനും മുകളില്‍ ഉള്ള ബന്ധമോ ആണ് അദ്ദേഹവുമായി ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത്. അവസാനമായി സംസാരിക്കുന്നത് പത്തുദിവസം മുമ്പേയാണ്. ഒരുവിളിക്ക് അപ്പുറത്തുനടയിരുന്ന ആള്‍ ഇനിയില്ല എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. അദ്ദേഹം എപ്പോഴും കര്‍മ്മനിരതന്‍ ആയിരുന്നു. ഞങ്ങള്‍ സംസാരിക്കുമ്പോഴൊന്നും അദ്ദേഹത്തിറെ അവശതകളെകുറിച്ച് സംസാരിച്ചിരുന്നില്ല.

അദ്ദേഹത്തിന് ലിവറില്‍ ക്യാന്‍സര്‍ ആയിരുന്നു. രോഗത്തെക്കുറിച്ച് സുഹൃത്തുക്കള്‍ക്കെല്ലാം അറിയാമായിരുന്നു. വയ്യായ്കളെ കുറിച്ച് ആവലാതികളോ നിരാശകളോ ഉണ്ടായിരുന്നില്ല. തന്റെ കര്‍മ്മങ്ങളില്‍ വ്യാപൃതനായി മുന്നോട്ടു പോകുകയായിരുന്നു. ചികിത്സകള്‍ നടക്കുന്നുണ്ടായിരുന്നു. അഞ്ച് വര്‍ഷമായി രോഗം അറിഞ്ഞിട്ട്. ആദ്യമേ തന്നെ അസുഖം ചികിത്സിച്ചു തുടങ്ങിയിരുന്നു അസ്വസ്ഥതകളുണ്ടായിരുന്നെങ്കിലും അഭിനയവും കുടുംബ ജീവിതവുമൊക്കെയായി അദ്ദേഹം അതിനെ മറികടന്നു. അങ്ങനെ പൊക്കൊണ്ടിരിക്കെയാണ് അസുഖം കൂടുന്നത്. ശരീരം ഡൗണ്‍ ആയി. സ്‌ട്രെയിന്‍ കൂടി പിന്നീട് ആശുപത്രിയില്‍ ആകുന്നതും.