ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വി ഡി സതീശൻ മന്ത്രിയാകണമെന്ന് താൻ ആഗ്രഹിച്ചിരുന്നു, രമേശ് ചെന്നിത്തല

കൊച്ചി. സതീശൻ മന്ത്രിയാകേണ്ട ആളായിരുന്നു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വി ഡി സതീശൻ മന്ത്രിയാകണമെന്ന് ആഗ്രഹിച്ചിരുന്നെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയാക്കാൻ കഴിയാത്തതിൽ തനിക്ക് വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവാകാൻ കോൺ​ഗ്രസ് നിയമസഭാ കക്ഷിയിൽ തനിക്കായിരുന്നു ഭൂരിപക്ഷം ഉണ്ടായിരുന്നത്. അതു സംബന്ധിച്ച് ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിൽ പറഞ്ഞ കാര്യം സത്യമാണ്. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ സതീശനെ മന്ത്രിയാക്കാത്തതിൽ, സി എൻ ബാലകൃഷ്ണന് അവസരം കൊടുക്കുക എന്നതിനപ്പുറത്തേക്കും ചില കാര്യങ്ങളുണ്ടായിരുന്നു.

താൻ മന്ത്രി ആകരുതെന്ന് ആരും പറഞ്ഞിട്ടില്ല. മന്ത്രിയാകേണ്ട എന്നത് തന്റെ തീരുമാനമായിരുന്നു. പ്രവർത്തക സമിതിയിൽ ഇപ്പോൾ ലഭിച്ച സ്ഥാനത്തിൽ വിഷമമുണ്ട്. 19 വർഷം മുമ്പ് തന്ന പദവി ഇപ്പോൾ വീണ്ടും ലഭിച്ചു എന്നതിൽ അതൃപ്തിയുണ്ട്. ശശി തരൂർ പ്രവർത്തക സമിതിയിൽ വരുന്നതിൽ എതിർപ്പില്ല. മറ്റ് നേതാക്കളാരും പ്രവർത്തക സമിതിയിൽ എത്തുന്നതിൽ തനിക്ക് എതിർപ്പില്ല. നൂറ് ശതമാനവും പാർട്ടിക്ക് വേണ്ടിയാണ് തന്റെ പ്രവർത്തനം. സ്ഥാനമാനങ്ങൾക്ക് വേണ്ടി ആരുടെയും പിന്നാലെ നടന്നിട്ടില്ല. താൻ ആരോടും സ്ഥാനമാനങ്ങൾ ആവശ്യപ്പെട്ടിട്ടില്ല.

പാർട്ടിയിൽ എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ട്. കോൺ​ഗ്രസിന് ഒരു സംവിധാനമുണ്ട്. രാഹുൽ ​ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ് തന്റെ ആ​ഗ്രഹം. രാഹുൽ ​ഗാന്ധിയുടെ ഉയർച്ച ആർക്കും നിഷേധിക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.