മരിയുപോളിലെ സ്റ്റീൽ പ്ലാന്റിൽ ഐക്യരാഷ്ട്ര സംഘടനാ രക്ഷാദൗത്യം പുരോഗമിക്കുന്നു

കീവ് ∙ റഷ്യയ്ക്കെതിരെ ചെറുത്തുനിൽപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയും സംഘവും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ സന്ദർശിച്ചു. മരിയുപോളിലെ സ്റ്റീൽ പ്ലാന്റിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാനായി ഐക്യരാഷ്ട്ര സംഘടന മുൻകയ്യെടുത്തുള്ള രക്ഷാദൗത്യം പുരോഗമിക്കുന്നു.

അമേരിക്ക അടിയുറച്ച് യുക്രെയ്നിനൊപ്പമുണ്ടെന്ന സന്ദേശം ലോകത്തിനു നൽകാനായിരുന്നു യാത്രയെന്ന് കീവിൽനിന്നു മടങ്ങി പോളണ്ടിലെത്തിയ ശേഷം പെലോസി പറഞ്ഞു. യുക്രെയ്നിന് 1360 കോടി ഡോളറിന്റെ സൈനികസഹായം കൂടി ലഭ്യമാക്കാനുള്ള പുതിയ ബിൽ തയാറായിക്കഴിഞ്ഞെന്നും  അറിയിച്ചു.

ഡമോക്രാറ്റ് പാർട്ടിക്കാരായ ജനപ്രതിനിധി സംഘം ശനി വൈകിട്ട് 3 മണിക്കൂർ കീവ് സന്ദർശിക്കുന്നുണ്ടെന്ന കാര്യം മുൻകൂട്ടി പരസ്യമാക്കിയിരുന്നില്ല. റഷ്യൻ ആക്രമണം തുടങ്ങിയ ശേഷം ഇതുവരെ യുക്രെയ്ൻ സന്ദർശിച്ച യുഎസ് നേതാക്കളിൽ പ്രായം കൊണ്ടും പദവി കൊണ്ടും പെലോസി(82) യാണു മുന്നിൽ.