യുക്രെയ്ൻ സേനാംഗങ്ങളിൽ ചിലർ കൂടി മരിയുപോളിന് കീഴടങ്ങി

മരിയുപോളിലെ ഉരുക്കുഫാക്ടറി കേന്ദ്രമാക്കി പോരാടിയിരുന്ന യുക്രെയ്ൻ സേനാംഗങ്ങളിൽ ചിലർ കൂടി കീഴടങ്ങിരിക്കുന്നു. എന്നാൽ ഉന്നത കമാൻഡർമാ‍ർ ഇപ്പോഴും അവിടെത്തന്നെയുണ്ടെന്നാണു പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അസോവ്സ്റ്റാൾ ഉരുക്കുഫാക്ടറിയിലെ ബങ്കറുകളിൽനിന്നു പുറത്തുവന്നു കീഴടങ്ങിയ യുക്രെയ്ൻ സൈനികരുടെ ആകെ എണ്ണം 959 ആയെന്നാണ് റഷ്യ അവകാശവാദം. ഇവരിൽ 80 പേർ ഗുരുതര പരുക്കേറ്റവരാണ്. മരിയുപോളിൽ ഇനി അവശേഷിക്കുന്ന സൈനികരെക്കുറിച്ച് യുക്രെയ്ൻ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

യുക്രെയ്നിൽ റഷ്യ പിടിച്ചെടുത്ത മേഖലകളിലെ തകർന്ന റോഡുകൾ ഉൾപ്പെടെ നന്നാക്കി സമഗ്രമായ പുനർനിർമാണം നടത്തുമെന്ന് റഷ്യൻ ഉപ പ്രധാനമന്ത്രി മാററ്റ് ഖുസ്നുലിൻ വ്യക്തമാക്കി. തെക്കുകിഴക്കൻ യുക്രെയ്നിലുള്ള സപോറീഷയിലെ ആണവപ്ലാന്റിൽനിന്നുള്ള വൈദ്യുതി റഷ്യ എടുക്കും.

പണം നൽകിയാൽ യുക്രെയ്ന് ഉപയോഗിക്കാവുന്നതാണ്. ഇതിനിടെ, ഫിൻലൻഡും സ്വീഡനും നാറ്റോയ്ക്ക് അംഗത്വ അപേക്ഷ സമർപ്പിച്ചു. ബ്രസൽസിലെ നാറ്റോ ആസ്ഥാനത്ത് ഇരുരാജ്യങ്ങളുടെയും അംബാസഡർമാരാണ് അപേക്ഷ നൽകിയത്. എന്നാൽ, ഇവരെ നാറ്റോയിലെടുക്കേണ്ടെന്ന തുർക്കി നിലപാട് തുടരുന്നു. ഭീകരസംഘടനയായി തുർക്കി പ്രഖ്യാപിച്ചിട്ടുള്ള കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിക്ക് സ്വീഡനും ഫിൻലൻഡും പിന്തുണ നൽകുന്നു എന്നാണ് കാരണം.