യുക്രൈനിൽ റഷ്യൻ സേന സർവായുധങ്ങളും പ്രയോഗിക്കുന്നു

കൂടുതൽ മേഖലകൾ കീഴടക്കാൻ റഷ്യൻ സേന കിഴക്കൻ യുക്രെയ്നിൽ സർവായുധങ്ങളും പ്രയോഗിക്കുന്നു. സീവിയെറോഡോണെറ്റ്സ്കിൽ ഉൾപ്പെടെ ലുഹാൻസ്ക് പ്രവിശ്യയിലെ ഗ്രാമങ്ങൾ തീയിട്ടാണ് റഷ്യൻ മുന്നേറ്റം. ലോസ്കുടിവ്‌ക, റയ് ഒലെക്സാൻഡ്രിവ്ക എന്നീ ഗ്രാമങ്ങൾ റഷ്യൻ പിടിച്ചു. സിറോടൈൻ മേഖലയ്ക്കായാണ് ഇപ്പോഴത്തെ റഷ്യൻ പോരാട്ടം നടക്കുന്നത്.

ലിസിചാൻസ്ക് നഗരത്തിലെ ചിലയിടങ്ങളിൽനിന്നു യുക്രെയ്ൻ സേനയ്ക്കു പിന്മാറേണ്ടി വന്നു. ലുഹാൻസ്ക് പ്രവിശ്യയുടെ 95 ശതമാനവും ഡോണെറ്റ്സ്ക് പ്രവിശ്യയുടെ പകുതിയും റഷ്യ പിടിച്ചെടുത്തു കഴിഞ്ഞു. ലിസിചാൻസ്ക് – ബഖ്മുട് ഹൈവേ റഷ്യൻ ഷെല്ലാക്രമണം മൂലം ഉപയോഗശൂന്യമായി. ഈ രണ്ടു പ്രവിശ്യകളും ചേർന്നുള്ള ഡോൺബാസ് മേഖല കൈക്കലാക്കാനാണു റഷ്യ ലക്ഷ്യമിടുന്നത്.

സീവിയെറോഡോണെറ്റ്സ്കിലെ അസോട്ട് കെമിക്കൽ പ്ലാന്റ് പരിസരം ഒഴികെ മറ്റിടങ്ങൾ റഷ്യയുടെ പിടിയിലാണ്. കെമിക്കൽ പ്ലാന്റിലെ ബങ്കറുകളും ബോംബാക്രമണത്തിൽ തകരുകയാണെന്നാണു റിപ്പോർട്ടുകൾ.