എന്റെ ഫീനിക്സ് പക്ഷി, ഭാവനക്കൊപ്പമുള്ള ഫോട്ടോയുമായി സയനോര

താൻ നേരിട്ട അതിക്രമങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് ഭാവന രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഈ തുറന്ന് പറച്ചിലിന് ഭാവനയ്ക്ക് പിന്തുണ അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ​ഗായിക സയനോര. ഭാവനയും പ്രിയഗായിക സയനോരയും അടുത്ത സുഹൃത്തുക്കളാണ്. ശിൽപ ബാല, ഷഫ്ന തുടങ്ങിയ താരങ്ങളുമുൾപ്പെടുന്ന ഇവരുടെ സൗഹൃദ സംഘം തങ്ങളുടെ സന്തോഷനിമിഷങ്ങളുടെ വിഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ, ഭാവനയോടൊപ്പമുള്ള തന്റെ മനോഹരമയായ ഒരു സെൽഫി പങ്കുവച്ച് സയനോര ഫെയ്സ്ബുക്കിൽ കുറിച്ചതാണ് ശ്രദ്ധേയമാകുന്നത്.

My phoenix bird…’എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘സർവൈവർ, സ്റ്റാൻഡിങ് വിത്ത് ഹെർ‌, ഷീറോ, ഫൈറ്റർ, മൈ ബേബി’ എന്നീ ഹാഷ്ടാഗുകളും ഒപ്പം ചേർത്തിട്ടുണ്ട്. സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധിയാളുകളാണ്, ഇരുവർക്കും സ്നേഹമറിയിച്ച്, ചിത്രത്തിനു താഴെ കമന്റുകളുമായി എത്തുന്നത്.

ഭാവന പറഞ്ഞത് ഇങ്ങനെ, ‘നേരിട്ട അതിക്രമം ജീവിതത്തെ മാറ്റിമറിച്ചു. അച്ഛൻ ജീവിച്ചിരുന്നു എങ്കിൽ എനിക്കിത് സംഭവിക്കില്ലായിരുന്നു എന്നുൾപ്പെടെ ചിന്തിച്ച സമയമായിരുന്നു അത്. പലപ്പോഴും സ്വയം കുറ്റപ്പെടുത്തി. എന്റെ തെറ്റായിരുന്നു എനിക്ക് സംഭവിച്ചതിന് കാരണം എന്ന് പോലും തോന്നിയ കാലമായിരുന്നു അത്. 2018 ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ 2020 ൽ ആണ് വിചാരണ ആരംഭിക്കുന്നത്. 15 ദിവസമായിരുന്നു തന്നെ കോടതിയിൽ വിസ്തരിച്ചത്. അതിന്റെ അവസാന ദിവസം ഞാൻ തിരിച്ചറിഞ്ഞു, ഞാൻ ഒരു ഇരയല്ല, മറിച്ച അതിജീവിതയാണെന്ന്. അങ്ങനെ അതന്നെ ബോധ്യപ്പെടുത്തുകയായിരുന്നു.

2017ൽ ഈ സംഭവത്തിന് ശേഷം നിരവധി പേർ എന്നെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നു. പക്ഷെ മറുഭാഗത്ത് മറ്റൊരു ഗ്രൂപ്പുണ്ടായിരുന്നു. അവർ വളരെ ലാഘവത്തോടെ എന്നെ പറ്റി ചാനലുകളിൽ സംസാരിച്ചു. അവർക്കെന്നെ അറിയുക പോലും ഉണ്ടായിരുന്നില്ല. അവൾ അങ്ങനെ ചെയ്യരുതായിരുന്നു, രാത്രി സഞ്ചരിക്കരുതായിരുന്നു എന്നെല്ലാം. പിന്നാലെ എനിക്കെതിരെ മോശം രീതിയിൽ പിആർ വർക്കുകൾ നടന്നു. ഞാൻ കൃതിമമായി ഉണ്ടാക്കിയ കേസാണിതെന്ന് പറഞ്ഞു. അത് വളരെ വേദനാജനകമായിരുന്നു. ഞാൻ കഷ്ണങ്ങളായി നുറുങ്ങിപ്പോയി. ഞാൻ അതിജീവിക്കാൻ ശ്രമിക്കുന്തോറും ഈ സംഭവങ്ങൾ എന്നെ പിന്നോട്ട് വലിച്ചു. ചിലപ്പോൾ എനിക്കിവരോട് വിളിച്ചു പറയണമെന്ന് തോന്നി. എന്നെ അച്ഛനുമ്മയും അത്തരത്തിലല്ല വളർത്തിയതെന്ന്. ഈ ആരോപണങ്ങൾ എന്റെ കുടുബത്തെയും അപമാനിക്കുന്നതായിരുന്നു. എന്റെ അഭിമാനം അവർ തട്ടിയെടുത്തു. ഇത്തരം പരാമർശങ്ങളാൽ പിന്നെയും എന്നെ വേദനിപ്പിച്ചു.’