ഗവർണറുടെ അന്ത്യശാസനം ഫലം കണ്ടു, ഷാജഹാൻ ഷെയ്ഖ് അറസ്റ്റിൽ; ആനന്ദബോസിന് അഭിനന്ദനപ്രവാഹം

​കൊൽക്കത്ത: ഒടുവിൽ ഗവർണറുടെ 72 മണിക്കൂർ അന്ത്യശാസനം ഫലം കണ്ടു. സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്ക് നേതൃത്വം നൽകിയ തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്​ഖിനെ പോലീസ് അറസ്റ്റുചെയ്തു. 55 ദിവസത്തെ ഒളിവുജീവിതത്തിനു ശേഷ​മായിരുന്നു അറസ്റ്റ്.

​സംസ്ഥാന സർക്കാരിന് 72 മണിക്കൂർ സമയപരിധി ഗവർണർ നൽകിയതിന് പിന്നാലെയാണ് അറസ്റ്റ്.“തുരങ്കത്തിൻ്റെ അറ്റത്ത് വെളിച്ചമുണ്ടാകുമെന്ന് ഞാൻ നിങ്ങളോട് പറഞ്ഞു. അതാണ് ജനാധിപത്യം. ഇത് എല്ലാവർക്കും ഒരു പാഠമാണ്. ഇനി, നിയ​മവാഴ്ചയുടെ ഒരു പുതിയ പ്രഭാതം ബംഗാളിൽ തിരിച്ചെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. നല്ല കാര്യങ്ങൾ സംഭവിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” ആനന്ദബോസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

​​ലൈംഗിക അതിക്രമങ്ങൾക്കും ഭൂമി കൈയേറ്റത്തിനും മുഖ്യപ്രതികളെ പിടികൂടുന്നതിൽ പരാജയപ്പെട്ടാൽ 72 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ഗവർണർ ​തിങ്കളാഴ്ച്ച രാത്രി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെ​ട്ടിരുന്നു. അക്രമികൾ ഒരു കുട്ടിയെ ​അമ്മയിൽ നിന്ന് പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാ​നും ഗവർണർ സംസ്ഥാനത്തോട് നിർദേശിച്ചിരുന്നു.

സുന്ദർബൻസിൻ്റെ പ്രാന്തപ്രദേശത്തുള്ള ​സന്ദേശ്ഖാലി ദ്വീപിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള മിനാഖാനിലെ ഒരു വീട്ടിൽ നിന്നാണ് ഷെയ്ഖിനെ അറസ്റ്റ് ചെയ്തത്, അവിടെ ​അയാൾ ഏതാനും കൂട്ടാളികളോടൊപ്പം ഒളിച്ചിരിക്കുകയായിരുന്നു; ജനുവരി​ ആദ്യം ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച​ കേസിലും പ്രതിയായിരുന്നു ഷെയ്ഖ് ഷാജഹാ​ൻ. സന്ദേശ്ഖാലി​യിലും നാടിന്റെ നാനാഭാഗത്തുംനിന്ന് നിരവധി പേർ രാജ്ഭവനിൽ വിളിച്ച് ഗവർണറുടെ ഇടപെടലിനെ പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.