കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള മത്സര സാധ്യത തള്ളാതെ ശശി തരൂർ

പത്തനംതിട്ട. കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള മത്സര സാധ്യത തള്ളാതെ ശശി തരൂർ എംപി. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നും പാർട്ടി തീരുമാനത്തിന് ശേഷം തന്റെ തീരുമാനം മാറ്റണമോ എന്ന് ആലോചിക്കുമെന്നും തരൂർ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഒരു മത്സരത്തിന് ഉദ്ദേശിക്കുന്നില്ല.

പാർട്ടിയുടെ അവസാന തീരുമാനം അറിഞ്ഞ ശേഷം വീണ്ടും തീരുമാനമെടുക്കേണ്ടി വരും. എന്നാൽ നിലവിലെ സാഹചര്യത്തിൽ വേറെ ആൾക്കാർക്ക് വിട്ടുകൊടുക്കട്ടെ എന്നാണ്. നേതൃത്വത്തിന്റെ കൈയിലാണ്. അവർ തീരുമാനിക്കട്ടെ തരൂർ പറഞ്ഞു. തന്നെ പ്രവർത്തക സമിതിയിലേക്ക് നാമനിർദേശം ചെയ്താൽ അതിനെ സ്വീകരിക്കുമെന്നും തരൂർ കൂട്ടിച്ചേർത്തു.

റായ്പുരിൽ വെച്ച് ഫെബ്രുവരി 24 മുതൽ 26 വരെ നടക്കുന്ന പാർട്ടി പ്ലീനറി യോഗത്തിൽ വെച്ചാണ് കോൺഗ്രസ് പ്രവർത്തക സമിതിയെ തിരഞ്ഞെടുക്കുന്നത്. കോൺഗ്രസ് അധ്യക്ഷന് പുറമെ 23 അംഗങ്ങൾ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയേയാണ് തിരഞ്ഞെടുക്കുക. നോമിനേറ്റ് ചെയ്യപ്പെട്ട 12 പേരും തിരഞ്ഞെടുക്കപ്പെട്ട 11 പേരുമടങ്ങുന്നതാണ് പ്രവർത്തക സമിതി.