ഇത് കണ്ട് ആരെങ്കിലും വീണിട്ടുണ്ടെങ്കിൽ അവസാനം സിനിമാക്കാർ ചതിയിൽപ്പെടുത്തി എന്ന തലക്കെട്ടിൽ വാർത്ത വരും, കുറിപ്പ്

സിനിമ മോഹവുമായി നടക്കുന്ന ധാരാളം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിലുള്ളയാളുകളെ ഫേക്ക് കാസ്റ്റിംഗ് കോളിലൂടെയും മറ്റും തട്ടിപ്പിനിരയാക്കുന്ന സംഭവങ്ങളും അടുത്തിടെ ഉണ്ടായി. ഇതിന്റെ പശ്ചാത്തലത്തിൽ വ്യാജ ഓഡീഷൻ കോളുകൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് ഷിബു ജി സുശീലൻ. ഫെയ്സ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. ഈ പരസ്യത്തിലേക്ക് എത്ര പേർ വീണിട്ടുണ്ടെന്ന് അറിയില്ല. ചതികളിൽ പോയി വീഴാതിരിക്കുക, വീണു കഴിഞ്ഞാൽ സിനിമക്കാർ ചതിയിൽപ്പെടുത്തി എന്ന തലകെട്ടിൽ വാർത്ത വരുമെന്നും നിർമ്മാതാവ് പറയുന്നു.

കുറിപ്പ്..

ജാഗ്രത, ഇന്ന് കണ്ട കാഴ്ച ആണ് വൈറ്റില ജംഗ്ഷൻ കഴിഞ്ഞു ആലപ്പുഴ ഭാഗത്തേക്ക് ജസ്റ്റ് പോകുമ്പോൾ മരത്തിൽ കയറി കെട്ടിയിരിക്കുന്നു…. സിനിമയിൽ അവസരം, കോൺടാക്ട് നമ്പറും കൊടുത്തിട്ടുണ്ട് . ഇതിൽ ആരൊക്ക ചെന്ന് വീണു കാണും അറിയില്ല .ഇനി എത്ര പേര് വീഴും അറിയില്ല.. പോലീസിന്റെ ഭാഗത്തു നിന്ന് ഉടനെ ഇടപെടലുകൾ ഉണ്ടായാൽ നല്ലത്.. വീണിട്ടുണ്ടെങ്കിൽ അത് അവസാനം സിനിമക്കാർ ചതിയിൽപ്പെടുത്തി എന്ന തലകെട്ടിൽ വാർത്ത വരും പിന്നെ ചാനലിൽ ചർച്ചകൾ .സിനിമ സംഘടന ഒന്നും ചെയ്യുന്നില്ല എന്നൊക്കെ ആകും…സംഘടന ആണോ ഈ മരത്തിൽ ബോർഡ് വെച്ചത്? അല്ലല്ലോ ..സത്യം അറിയാതെ കുറ്റപ്പെടുത്തുവാൻ എല്ലാവർക്കും പറ്റും .

ചിലപ്പോൾ കുറ്റപ്പെടുത്തലുകൾ മനപൂർവ്വവും ആകാം..കാര്യങ്ങൾ അറിയാതെ പറയുന്നതിന് മുൻപ് ഓർക്കുക..സിനിമക്കാർക്കും കുടുംബങ്ങൾ ഉണ്ട് .അപ്പോൾ ഇതൊക്കെ കണ്ടു ഇറങ്ങി പുറപ്പെടുന്നവർ പലവട്ടം ആലോചിക്കുക ചിന്തിക്കുക…എന്നിട്ട് ചതിയിൽ നിന്ന് രക്ഷപ്പെടുവാൻ ഉള്ളമാർഗ്ഗങ്ങൾ നോക്കുക .ഇനിയെങ്കിലും ഈ ചതികളിൽ പോയി വീഴാതിരിക്കുക.. ഇതൊക്കെ അവസാനം സിനിമയുടെ മേൽ വന്നു വീഴുന്ന ബോംബുകളാണ്..

നടി ഷംന കാസിമിന് നേരെ ബ്ലാക്ക്‌മെയിലിംഗ് ഉണ്ടായ സാഹചര്യത്തിലാണ് സിനിമാമേഖല കൂടുതൽ ജാഗരൂഗരായത്. ഇതോടെ സിനിമാക്കാർക്ക് അല്ലാതെ അഭിനേതാക്കളുടെ ഫോൺ നമ്പറുകൾ കൈമാറരുതെന്ന് ഫെഫ്ക നിർദേശിച്ചിരുന്നു. വ്യാജ കാസ്റ്റിങ് കോളുകളിൽ വീഴരുതെന്ന മുന്നറിയിപ്പോടെ അന്ന ബെൻ അഭിനയിച്ച ഒരു ബോധവത്ക്കരണ വീഡിയോയും ഇതിനായി ഫെഫ്ക നിർമ്മിച്ചിട്ടുണ്ട്.