കേസുമായി യാതൊരു ബന്ധവുമില്ല, വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കണം, രേഖാചിത്രത്തോട് സാമ്യമുള്ളയാള്‍ സ്റ്റേഷനിലെത്തി

കൊല്ലം: തനിക്ക് കേസുമായി യാതൊരു ബന്ധവുമില്ല.വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കണം. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് തയ്യാറാക്കിയ, രേഖാചിത്രത്തോട് സാമ്യമുള്ളയാള്‍ കുണ്ടറ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി. കുഴിയം സ്വദേശി ഷാജഹാനാണ് ബന്ധുക്കളോടൊപ്പം ചൊവ്വാഴ്ച രാത്രി എട്ടോടെ കുണ്ടറ സ്റ്റേഷനിലെത്തിയത്. തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ഷാജഹാന്‍ പൊലീസിനോട് ആവശ്യപ്പെട്ടു.

രേഖാചിത്രത്തിന് ഷാജഹാന്റെ മുഖവുമായി തോന്നിയ സാദൃശ്യത്തെ തുടര്‍ന്ന് പൊലീസ് ഷാജഹാനെ ചുറ്റിപ്പറ്റി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഷാജഹാന്‍ നേരിട്ട് സ്റ്റേഷനിലെത്തിയത്.

ഷാജഹാന്‍ ബന്ധുവിനോടൊപ്പം കാഞ്ഞിരകോടാണ് താമസം. ബന്ധുവിന്റെ കൈയ്ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. ചികിത്സയ്ക്കായി തിങ്കളാഴ്ച വൈകീട്ട് 3.30-ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ബന്ധുവിനോടൊപ്പമുണ്ടായിരുന്നു. രാത്രി 7.30-ന് തിരിച്ച് വീട്ടിലെത്തിയതായും ഷാജഹാന്‍ പൊലീസിനെ അറിയിച്ചു.കാഞ്ഞിരകോട്ടെ വീടിനുസമീപത്തെ സുരക്ഷാക്യാമറകള്‍ പോലീസ് പരിശോധിച്ചു. ഷാജഹാന്‍ പറഞ്ഞതുമായി പൊരുത്തപ്പെടുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. എന്നാൽ, തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ട് ഷാജഹാനെ അന്വേഷണത്തിനായി വിളിപ്പിച്ചിട്ടില്ലെന്ന് കുണ്ടറ പൊലീസ് പറഞ്ഞു.