മരിക്കും മുന്‍പേ അറം പറ്റിയപോലെ അയച്ച ആ പാട്ട്, കാര്യങ്ങള്‍ മുന്‍കൂട്ടി വേണു അറിഞ്ഞിരിക്കണം, ഇന്നസെന്റിന്റെ വാക്കുകള്‍

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയും നര്‍ത്തകിയുമാണ് ശോഭന. നടിയുടെ ജീവിതത്തിലൂടെയുള്ള യാത്രയായിരുന്നു മധുരം ശോഭനം എന്ന പരിപാടി. ശോഭന ചലച്ചിത്രമേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ക്കുള്ള ആദരവായിട്ടാണ് മധുരം ശോഭനം സീ കേരളത്തില്‍ നടന്നത്. ഷോയില്‍ വച്ച് നെടുമുടി വേണുവിനെ കുറിച്ച് സംസാരിക്കുന്ന വേളയില്‍ താരങ്ങള്‍ വികാരഭരിതമായ പങ്കിട്ട വാക്കുകള്‍ ആണ് വൈറലായി മാറുന്നത്.

അദ്ദേഹത്തെ പറ്റി വെറുതെ അങ്ങനെ പറയാന്‍ ആകില്ല. ഇടക്ക് ചേട്ടന്‍ ഇല്ലാന്ന് അറിഞ്ഞപ്പോള്‍ ചിലര്‍ എന്നോട് ചോദിച്ചു എന്തുകൊണ്ടാണ് ഇന്‍സ്റ്റാഗ്രാമില്‍ എന്താണ് അദ്ദേഹത്തെ കുറിച്ചൊന്നും ഇടാത്തത് എന്ന്. പക്ഷെ ഞങ്ങള്‍ അതിലൊന്നും വിശ്വസിക്കുന്നില്ല. അത് ജസ്റ്റ് ഇടുക സെലെബ്രെറ്റ് ചെയ്യുക, അത് ലോകം എല്ലാം സെലെബ്രെറ്റ് ചെയ്യുന്നു. പക്ഷേ എനിക്ക് അതിനെ കുറിച്ചു സംസാരിക്കാന്‍ അല്‍പ്പം സമയം വേണം. എല്ലാവര്‍ക്കും അറിയാം അദ്ദേഹം നല്ലൊരു മൃദംഗിസ്റ്റ് ആണ് എന്ന്. അത് നല്ലൊരു കണക്ഷന്‍ ആയിരുന്നു ഞങ്ങള്‍ക്കിടയില്‍. നമ്മള്‍ പരസ്പരം വര്‍ക്ക് ചെയ്യുമ്പോള്‍ അവരുടെ മഹിമ നമ്മള്‍ അറിയില്ല. അവര്‍ പോയി കഴിയുമ്പോഴാണ് അതിനെ കുറിച്ച് നമ്മള്‍ ബോധവാന്മാര്‍ ആകുന്നത്. അദ്ദേഹം പോയി. -ശോഭന പറഞ്ഞു.

ഭയങ്കര ഇമോഷണല്‍ ആണ് ആ ഒരു നഷ്ടം എന്ന് പറയുന്നത്. സിനിമയ്ക്ക് മാത്രമല്ല വ്യക്തിപരമായി അത് തീര്‍ത്താല്‍ തീരാത്ത നഷ്ടം തന്നെയാണ് എന്ന് മഞ്ജു പറയുമ്പോള്‍ ശോഭന വീണ്ടും സംസാരിക്കുന്നു. ഒരു കുടുംബം പോലെ അല്ലെ. അത് അങ്ങനെ വെറുതെ ഒരു മോമെന്റില്‍ പറയാന്‍ ആകില്ല. ഒരു ഫാമിലി മെമ്പറിന്റെ നഷ്ടം ആണ് വേണു ചേട്ടന്റെ മരണം നല്‍കിയത്.- മഞ്ജു വാര്യര്‍ പറഞ്ഞു.

ഞങ്ങള്‍ സിനിമയില്‍ വരും മുന്‍പേ തന്നെ പരസ്പരം അറിയുന്നവര്‍ ആണ്. ഒരിക്കലും ആ ദിവസങ്ങള്‍ വരില്ലല്ലോ, അനുഭവങ്ങളിലൂടെ പോകാന്‍ ആകില്ലല്ലോ എന്നത്, എന്നെ പോലെ തന്നെ പലര്‍ക്കും ദുഃഖം തന്നെയാണ്. അത് തീര്‍ന്നു. അവിടെ ഒരു ഫുള്‍ സ്റ്റോപ്പ് ആണ്- മുകേഷ് പറയുന്നു. വേണുവിന് അസുഖം ആയിരുന്ന സമയത്തു ഞാന്‍ എല്ലാം അന്വേഷിച്ച ഒരാളാണ്. എനിക്ക് അസുഖം ഉള്ള സമയത്തു ആരും അങ്ങനെ അന്വേഷിച്ചു ചോദിക്കാറില്ല. വേണുവിന്റെ അടുത്ത് ഞാനും ചോദിച്ചിട്ടില്ല. പക്ഷേ വേണു മരിക്കുന്നതിന്റെ തലേ ആഴ്ച എനിക്ക് ഒരു പാട്ട് അയച്ചു തന്നു. എന്റെ മൊബൈലിലേക്ക്.

വിടപറയും മുന്‍പേ എന്ന സിനിമയില്‍ വേണു മരിക്കുന്ന ഒരു സീന്‍ ഉണ്ട്. അനന്ത സ്‌നേഹത്തിന് ആശ്വാസം പകരും, പനിനീര്‍ വെഞ്ചരിപ്പ് എന്ന ഗാനം . അത് ഞാന്‍ രണ്ടു പ്രാവശ്യം കണ്ടു. അത് കണ്ടു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി, അദ്ദേഹത്തിന് കാര്യങ്ങള്‍ ഏതാണ്ട് മനസിലായി കഴിഞ്ഞിരിക്കുന്നു എന്ന്. എന്റെ കുടുംബ സുഹൃത്ത്, സഹോദരന്‍, എല്ലാം പങ്കു വയ്ക്കുന്ന ഒരാളാണ്. അങ്ങനെ ഉള്ള ഒരാള്‍ മനസ്സില്‍ നിന്നും മായില്ല എന്നുറപ്പാണ്- ഇന്നസെന്റ് പറഞ്ഞു.