സ്പീക്കറുടെ സഹോദരന്റെ സ്ഥാപനത്തിന് കടലിനോട് ചേർന്നുള്ള കെട്ടിടത്തിൽ നിർമാണം നടത്താൻ വേഗത്തിൽ അനുമതി

കോഴിക്കോട്. സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരന്‍ എഎന്‍ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനു കടലിനോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ അധിക നിര്‍മാണം നടത്താന്‍ റെക്കോര്‍ഡ് വേഗത്തില്‍ അനുമതി നല്‍കി തീരദേശ പരിപാലന അതോറിറ്റി. അതോറിറ്റി ഈ കെട്ടിടത്തിന് അനുമതി നല്‍കിയത് വെറും 4 ദിവസം കൊണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

ഏറെ നിയന്ത്രണങ്ങള്‍ ഉള്ള സിആര്‍ഇസെഡ് 2 വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കടലില്‍ നിന്ന് വെറും 27 മീറ്റര്‍ മാത്രം അകലെയുള്ള കെട്ടിടത്തിലാണ് ഒരു ഉപാധികളുമില്ലാതെ നിര്‍മാണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. വാണിജ്യ കെട്ടിടമായതിനാല്‍ സംസ്ഥാന അതോറിറ്റിയാണ് അപേക്ഷ പരിഗണിച്ചത്. അതോറിറ്റി അനുമതി ലഭിച്ചതോടെ നിര്‍മാണം തുടരാന്‍ കോര്‍പറേഷനും അനുമതി നല്‍കി.

ഇതോടെ വിവാദത്തെ തുടര്‍ന്നു നിര്‍ത്തി വച്ച ജോലികള്‍ വീണ്ടും ആരംഭിച്ചു. തുറമുഖ വകുപ്പിനു കീഴിലുള്ള 15 സെന്റ് കണ്ണായ സ്ഥലവും ഒരു നില കെട്ടിടവും കുറഞ്ഞ തുകയ്ക്ക് എഎന്‍ ഷാഹിര്‍ ഉള്‍പ്പെട്ട പ്രദീപ് ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് സ്ഥാപനത്തിന് പാട്ടത്തിനു നല്‍കിയതിനെ തുടര്‍ന്നു വിവാദമുയര്‍ന്നിരുന്നു. 2 ലക്ഷം രൂപ വരെ വാടകയുള്ളിടത്ത് 45000 രൂപ പ്രതിമാസ വാടകയ്ക്കാണു കെട്ടിടം നല്‍കിയത്.