ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കാന്‍ സിആര്‍പിഎഫിന്റെ പ്രത്യേക വിഐപി സെക്യൂരിറ്റി സംഘം, രാജ്യത്തെവിടെയും സെഡ് പ്ലസ് സുരക്ഷ

തിരുവനന്തപുരം. ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കുന്ന സിആര്‍പിഎഫിന്റെ പ്രത്യേക വിഐപി സെക്യൂരിറ്റി സംഘം ബെംഗളൂരുവില്‍ നിന്ന്. ഗവര്‍ണര്‍ക്കൊപ്പം 41 പേരാണ് ഡ്യൂട്ടിയിണ്ടാകുക. ഗവര്‍ണര്‍ രാജ്യത്ത് എവിടെയായാലും സെഡ് പ്ലസ് സുരക്ഷ ഒരുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

രാജ്ഭവനില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും സിആര്‍പിഎഫിന്റെയും യോഗം ചൊവ്വാഴ്ച രാജ്ഭവനില്‍ ചേരും. മണിക്കൂറുകള്‍ക്കുള്ളില്‍ ഗവര്‍ണറുടെ സുരക്ഷ ഏറ്റെടുക്കണമെന്ന് നിര്‍ദേശിച്ചതിനാല്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപില്‍ നിന്നും 25 അംഗ സംഘം കഴിഞ്ഞ ദിവസം തന്നെ എത്തിയിരുന്നു. ബെംഗളൂരുവിലാണ് വിഐപി സുരക്ഷയ്ക്കായി പരിശീലനം ലഭിച്ച സിആര്‍പിഎഫ് ഡിവിഷനുള്ളത്.

സേനാംഗങ്ങള്‍ക്ക് ബാരക്കും മെസ്സും ഒരുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്നലെ രാജ്ഭവന് നിര്‍ദേശം നല്‍കി. ഗവര്‍ണര്‍ താമസിക്കുന്ന സ്ഥലവും യാത്രയുമെല്ലാം സുരക്ഷാ ടീമിന്റെ ചുമതലയായിരിക്കും. നിലവില്‍ ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കുന്ന കമാന്‍ഡോ സംഘത്തെ പിന്‍വലിക്കുന്നത് ഗവര്‍ണറുടെ നിര്‍ദേശപ്രകാരമായിരിക്കും.