ആശുപത്രിയുടേയും ഡോക്ടർമാരുടേയും സഹായം തേടുന്ന സാധാരണ മനുഷ്യനാണ് ഞാൻ, വിവാദ പരാമർശത്തിൽ വിശദീകരണവുമായി ശ്രീനിവാസൻ

നടനും തിരക്കഥാകൃത്തും ആയ ശ്രീനിവാസൻ കഴിഞ്ഞ ദിവസം നടത്തിയ പരാമർശം വൻ വിവാദം ആയിരുന്നു. വൈറ്റമിൻ സി കോവിഡ്‌ 19നെ പ്രതിരോധിക്കും എന്ന് ആയിരുന്നു കഴിഞ്ഞ ദിവസം ഒരു ലേഖനത്തിൽ ശ്രീനിവാസൻ അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെ ശ്രീനിവാസന് എതിരെ സോഷ്യൽ മീഡിയകളിൽ വൻ വിമർശനം ആണ് ഉയർന്നത്. വലിയ ട്രോൾ ആക്രമണത്തിനും ശ്രീനിവാസൻ ഇര ആയി. ഇപ്പൊൾ സാമൂഹ്യ മാധ്യമങ്ങളിൽ തനിക്ക് എതിരെ പ്രചരിക്കുന്ന വാർത്തകൾക്ക് വിശദീകരണവും ആയി രംഗത്ത് എത്തി ഇരിക്കുക ആണ് അദ്ദേഹം. ആരോഗ്യരംഗത്ത് ഗവേഷണം നടത്തുന്ന ചിലരുടെ അനുഭവങ്ങളും അറിവുകളുമാണ് താൻ പങ്കുവച്ചത് എന്നും അതിന്റെ ആധികാരികത തെളിയിക്കേണ്ടത് ആ രംഗത്ത് പ്രവർത്തിക്കുന്നവർ ആണെന്നും ശ്രീനിവാസൻ പറഞ്ഞു.

”ഈ രംഗത്ത് ഗവേഷണം നടത്തുന്ന ചിലരുടെ അനുഭവങ്ങളും അറിവുകളുമാണ് ഞാൻ പങ്കുവെച്ചത്.അവരിൽ ചിലരെ എനിക്കു നേരിട്ടറിയാം. മറ്റു ചിലരെ വായനയിലൂടെയും.അതിന്റെ ആധികാരികത തെളിയിക്കേണ്ടത് ആരംഗത്ത് പ്രവർത്തിക്കുന്നവരാണ്. ഞാൻ ആരോഗ്യ രംഗത്ത് ഗവേഷണം നടത്തിയ ആളല്ല. ഇത് കേരളത്തിലെ ചികിത്സാരീതിയെക്കുറിച്ചോ ഇപ്പോൾ നടപ്പാക്കുന്ന ആരോഗ്യപ്രവർത്തനങ്ങളെകുറിച്ചോ ഉള്ള വിമർശനവുമല്ല” ശ്രീനിവാസൻ പറഞ്ഞു.

അത്യാവശ്യഘട്ടങ്ങളിൽ ആശുപത്രിയുടേയും ഡോക്ടർമാരുടേയും സഹായം തേടുന്ന സാധാരണ മനുഷ്യനാണ് താനെന്നും ഇപ്പോഴത്തെ നടത്തിപ്പിൽ എന്തെങ്കിലും പാകപ്പിഴയുണ്ടെന്നു തോന്നിയാൽ അക്കാര്യം തുറന്നു പറയാൻ മടിയുമില്ലെന്നും താരം പങ്കുവച്ചു. ” ചില പുതിയ ചിന്തകൾ ഉണ്ടാകുന്നത് നല്ലതാണെന്നു തോന്നിയപ്പോൾ പറഞ്ഞ കാര്യങ്ങളാണ് ലേഖനമായി വന്നത്. അത് ഉടൻ നടപ്പാക്കേണ്ട കാര്യങ്ങളാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. രോഗങ്ങൾക്ക് ചികിത്സ നിശ്ചയിക്കേണ്ടത് ആ രംഗത്തുള്ളവർതന്നെയാണ്. വ്യത്യസ്തമായ ഒരു അഭിപ്രായമുണ്ടായാൽ അതു തുറന്നു പറയും,” ശ്രീനിവാസൻ വ്യക്തമാക്കി.

നേരത്തെ ശ്രീനിവാസൻ പറഞ്ഞതിന് എതിരെ ഡോ. ജിനേഷ് പി എസ് രംഗത്ത് എത്തിയത് വലിയ ചർച്ച ആയി. പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ പേരില്‍ ഇറങ്ങിയ വ്യാജ സന്ദേശത്തെ ആധാരമാക്കിയാണ് ശ്രീനിവാസന്‍ ഈ അഭിപ്രായം പറയുന്നതെന്നും സന്ദേശത്തിനെതിരെ ആ ഡോക്ടര്‍ തന്നെ പരാതി നല്‍കിയിട്ടുള്ളതാണെന്നും പി എസ് ജിനേഷ് ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രിയപ്പെട്ട ശ്രീനിവാസന്‍, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഭിനേതാവ് താങ്കളാണ്. എന്നെപ്പോലെ നിരവധി കുറവുകള്‍ ഉള്ള ധാരാളം കഥാപാത്രങ്ങളെ അഭ്രപാളികളില്‍ രേഖപ്പെടുത്തിയ നടനാണ് താങ്കള്‍.പക്ഷേ നിങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് സാമൂഹ്യ ദ്രോഹമാണ് എന്ന് പറയാതെ വയ്യ. വെറ്റമിന്‍ സി കോവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അടക്കം പറഞ്ഞു എന്നാണ് നിങ്ങള്‍ മാധ്യമം പത്രത്തില്‍ എഴുതിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന അസുഖ വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ഗൂഢാലോചന സിദ്ധാന്തമാണ് നിങ്ങള്‍ എഴുതിയിരിക്കുന്നത്. സുഹൃത്തേ, വൈറ്റമിന്‍ സി ശരീരത്തിലെ ജലാംശം ആല്‍ക്കലൈന്‍ ആക്കി മാറ്റും എന്ന്, അങ്ങനെ വൈറസ് നശിക്കുമെന്ന്… ഇതൊക്കെ നിങ്ങളോട് ആരു പറഞ്ഞു തന്നതാണെന്നും ജീനേഷ് ഫേസ്ബുക്കിൽ കുറിച്ചു.