പൊലീസ് സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാശ്രമം; ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

പാലക്കാട്: ആലത്തൂർ പൊലീസ് സ്റ്റേഷനു മുന്നിൽ യുവാവ് ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പത്തനാപുരം സ്വദേശിയായ രാജേഷ് (30) ആണ് സ്റ്റേഷൻ അങ്കണത്തിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇന്ന് ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ രാജേഷ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. രാജേഷ് ശല്യപ്പെടുത്തുന്നുവെന്നുള്ള യുവതിയുടെ പരാതിയെ തുടർന്ന് ഇരുവരെയും ഇന്നു രാവിലെ സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു.

ഇരുക്കൂട്ടരുടെയും സമ്മതപ്രകാരം പരാതി ഒത്തുതീർപ്പാക്കിയശേഷം രാജേഷ് സ്റ്റേഷനിൽനിന്നു പോയതാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഉച്ചയോടെ മണ്ണെണ്ണയിൽ കുളിച്ച് സ്റ്റേഷനിലേക്ക് തിരികെയെത്തിയ രാജേഷ്, തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.