ഏപ്രിൽ 26ന് ഹാജരാകണം, ഏഴാംതവണയും തോമസ് ഐസക്കിന് സമൻസ് അയച്ച് ഇ.ഡി

കൊച്ചി∙ മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇ.ഡി സമൻസ് . ലോക്സഭാ തിരഞ്ഞെടുപ്പ് പോളിങ് നടക്കുന്ന ഏപ്രിൽ 26ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. മസാല ബോണ്ട് വഴിയുള്ള ഫണ്ട് കിഫ്ബി വിനിയോഗിച്ചതിൽ പൊരുത്തക്കേടുകളുണ്ടെന്നും തോമസ് ഐസക്കിന്റെ മൊഴി ഇക്കാര്യത്തിൽ രേഖപ്പെടുത്തേണ്ടതുണ്ടെന്നും ഇ.ഡി ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഐസക്കും കിഫ്ബി ഉദ്യോഗസ്ഥരും സഹകരിക്കാത്തതിനാൽ 2022 ഓഗസ്റ്റ് മുതൽ അന്വേഷണം തടസ്സപ്പെടുകയാണെന്നാണ് ഇ.ഡി പറയുന്നത്.

സമൻസ് അയയ്ക്കുന്നത് കോടതി സ്റ്റേ ചെയ്തിട്ടില്ലാത്തതിനാൽ നേരിട്ടു ഹാജരാകാത്ത ഐസക്കിന്റെ നടപടി നിയമ ലംഘനമാണെന്നും ഇ.ഡി പറയുന്നു. കിഫ്ബി ഫണ്ട് വിനിയോഗിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് തോമസ് ഐസക്കാണെന്നു കിഫ്ബി നൽകിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ജനറൽ ബോ‍ഡിയുടെയും യോഗത്തിന്റെ മിനിറ്റ്സ് രേഖകൾ വ്യക്തമാക്കുന്നു.

പത്തനംതിട്ട മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയാണ് തോമസ് ഐസക്. നേരത്തെ അയച്ച സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക്ക് നൽകിയ ഹർജി ഹൈക്കോടതി മേയ് 22ന് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കിയതിന്റെ പിറ്റേന്നാണ് ഇ.ഡി അടുത്ത സമൻസ് അയച്ചിരിക്കുന്നത്.

അതേസമയം, ഇ.ഡിയുടെ സമൻസിന് പിന്നാലെ തോമസ് ഐസക്ക് മാധ്യമങ്ങളോട് പ്രതികരിച്ചു. കേസ് കോടതി പരി​ഗണിക്കാനിരിക്കെ സമൻസ് അയച്ച ഇ.ഡി നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് തനിയ്ക്കെതിരെ ദുഷ്പ്രചാരണം നടത്താൻ വേണ്ടിയുള്ളതാണ് ഇഡിയുടെ നടപടി. കോടതിയിൽ പരാതി നൽകി പരിരക്ഷ ആവശ്യപ്പെടും, ഇഡിയ്ക്കുമുന്നിൽ ഹാജരായില്ലെങ്കിൽ മൂക്കുപ്പൊടിയാക്കുമോ എന്നും ചോദിച്ചു. ഇവിടെ ആർക്കും ഇഡിയെ പേടിയില്ലെന്നും അതിന് വടക്കേ ഇന്ത്യയിൽപോയി നോക്കിയാൽ മതിയെന്നും തോമസ് ഐസക്ക് കൂട്ടിച്ചേർത്തു.