നിത്യോപയോഗ സാധനങ്ങൾക്കുള്ള സപ്ലൈകോയുടെ സ്ഥിരം സബ്‌സിഡി ഇല്ലാതാകുന്നു, വിലക്കിഴിവ് മാത്രം

തിരുവനന്തപുരം. സപ്ലൈകോയുടെ സ്ഥിരം സബ്‌സിഡി ഇല്ലാതാകുന്നു. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസരിച്ച് മൂന്ന് മാസം കൂടുമ്പോള്‍ വില പരിഷ്‌ക്കരിക്കുവനാണ് വിദഗ്ധസമിതിയുടെ ശുപാര്‍ശ. ആസൂത്രണ ബോര്‍ഡ് അംഗം കെ രവിരാമന്‍ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് ശുപാര്‍ശ ചെയ്തത്.

വിപണി വിലയുടെ 30 ശതമാനം വിലക്കിഴിവ് നല്‍കിയാല്‍ മതിയെന്നും വിദഗ്ധസമിതിയുടെ ശുപാര്‍ശയില്‍ പറയുന്നു. റിപ്പോര്‍ട്ട് ബുധനാഴ്ചത്തെ മന്ത്രിസഭായോഗം പരിഗണിച്ചേക്കും. നിലവില്‍ 13 ഉത്പന്നങ്ങള്‍ക്കാണ് സപ്ലൈകോ സബ്‌സിഡി നല്‍കുന്നത്. നിലവില്‍ നല്‍കുന്ന രീതിയില്‍ സബ്‌സിഡി നല്‍കിയാല്‍ വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും എന്നാണ് വിലയിരുത്തല്‍.

ഉത്പന്നങ്ങള്‍ക്ക് വില കൂടുമ്പോഴും സപ്ലൈകോ ഏഴ് വര്‍ഷമായി ഒരേ വിലയ്ക്കാണ് വില്‍പന നടത്തുന്നത്. വിപണിയുമായി താരതമ്യപ്പെടുത്തിയാല്‍ 50 ശതമാനമാണ് സബ്‌സിഡി. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കില്ലെന്ന് സമിതി വിലയിരുത്തി.