നടിയെ ആക്രമിച്ച കേസിൽ വിചാരണ നീളുന്നതിൽ അതൃപ്തി അറിയിച്ച് സുപ്രീം കോടതി

ന്യൂഡൽഹി. നടിയെ ആക്രമിച്ച കേസിൽ വിചാരണ നീളുന്നതിൽ അതൃപ്തി അറിയിച്ച് സുപ്രീം കോടതി. വിചാരണ നീളുന്നത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി ചോദിച്ചു. പുതിയതായി 41 സാക്ഷികളെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ അറിയിച്ചപ്പോൾ അതിന്റെ കാരണം വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു.

വിചാരണക്കാലാവധി നീട്ടണോ എന്ന കാര്യത്തിൽ കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ ചോദ്യം. കേസ് അനന്തമായി നീട്ടിക്കൊണ്ടു പോവുകയാണ് സർക്കാർ ചെയ്യുന്നതെന്നും അത് അനുവദിക്കല്ലെന്നും ദിലീപിന്റെ അഭിഭാഷകനായ മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്‌തഗി കോടതിയെ അറിയിച്ചു. 2019ലാണ് ആറു മാസം കൊണ്ട് വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്.

അതിനു ശേഷം 24 മാസം കഴിഞ്ഞു. എന്നാൽ ഇപ്പോഴും പുതുതായി സാക്ഷികളെ കൊണ്ടുവന്ന് വിചാരണ നീട്ടിക്കൊണ്ടു പോകുകയാണെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചത്. തുടർന്നാണ് വിചാരണ അനന്തമായി നീട്ടാൻ കഴിയില്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്.