കുത്തിവയ്പ്പ് എടുത്ത 11 പേര്‍ക്ക് പനിയും വിറയലും ഉണ്ടായ സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം. കുത്തിവയ്പ്പ് നല്‍കിയതിനെ തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ 11 രേഗികള്‍ക്ക് പാര്‍ശ്വഫലം ഉണ്ടായ സംഭവത്തില്‍ രണ്ട് ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി. സംഭവത്തില്‍ അറ്റന്‍ഡറെയും നഴ്‌സിംഗ് ഓഫീസറെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. കൊല്ലം ജില്ല മെഡിക്കല്‍ ഓഫീസറുടെ അന്വേഷണത്തിന് ശേഷമാണ് നടപടി സ്വീകരിച്ചത്.

സംഭവം പുറത്ത് വന്നതോടെ വിഷയത്തില്‍ അന്വേഷണം നടത്തുവാന്‍ വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് കൊല്ലം ഡിഎംഒ നടത്തിയ അന്വേഷണത്തിലാണ് നടപടി. കുത്തിവയ്പ്പ് നടത്തിയതിന് പിന്നാലെ പനി വിറയല്‍ അടക്കമുള്ള ബുദ്ധിമുട്ടുകളുണ്ടായതിനെ തുടര്‍ന്ന് മൂന്ന് കുട്ടികളെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലും എട്ട് പേരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

രാത്രി 9 മണിയോടെയായിരുന്നു സംഭവം. കൂട്ടിരിപ്പുകാര്‍ സംഭവം അറിയിച്ചതോടെ കുട്ടികളെ എസ്എടിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടികളുടെ നില തൃപ്തികരമാണ്. അതേസമയം മരുന്ന് മാറി കുത്തിവെച്ചതാണ് പ്രശ്‌നത്തിന് കാരണമെന്ന് രോഗികളുടെ ബന്ധുക്കള്‍ പറയുന്നു.